ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഹാസംഗമത്തില്‍ 40 കോടിയിലേറെ തീര്‍ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷത്തിലൊരിക്കല്‍മാത്രം നടക്കുന്ന പൂര്‍ണകുംഭമേള ചടങ്ങുകള്‍ ശിവരാത്രി ദിനം വരെ നീളും.
ഇന്ന് പൗഷ് പൗർണ്ണമി സ്നാനത്തോടെ മഹാ കുംഭമേളയുടെ ചടങ്ങുകൾ ആരംഭിക്കും. 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പൂർണ്ണ കുംഭമേളയ്ക്ക് ഇത്തവണ മറ്റൊരു സവിശേഷതയുമുണ്ട്. സൂര്യ, ചന്ദ്ര, വ്യാഴ ഗ്രഹങ്ങൾ പ്രത്യേക രാശിയിൽ എത്തുന്ന 144 വർഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന അപൂര്‍വതയുടെ വേളയിലാണ് ഈ കുംഭമേള.
സന്യാസിമാര്‍ നദീതീരങ്ങളിലേക്ക് ആചാരപരമായ ഘോഷയാത്ര നടത്തി സ്‌നാനം നിര്‍വഹിക്കുന്ന ഷാഹി സ്‌നാന്‍ ആണ് മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ആറ് പ്രധാന സ്നാന ദിവസങ്ങള്‍. സ്നാനം മോക്ഷം നല്‍കുന്നുവെന്നാണ് തീര്‍ഥാടകരുടെ വിശ്വാസം. ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലാണ് കുംഭമേളയ്ക്ക് സമാപനമാവുക.