മഹാത്മാഗാന്ധിയുടെ എഴുപത്തിയേഴാം രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിജിയുടെ ഓര്‍മകള്‍ നിലനില്‍ക്കുന്ന ഗാന്ധിസ്മൃതി സ്മാരകത്തിലൂടെ ഒരു യാത്ര. ഗാന്ധിജി വെടിയേറ്റ് വീണത് ഈ മണ്ണിലാണ്.
ഡല്‍ഹി നഗരഹൃദയത്തിലെ കൊണാട്ട്പ്ലേസിനടുത്താണ് ഗാന്ധി സ്മൃതി എന്നറിയിപ്പെടുന്ന ബിര്‍ല ഹൗസ്. തന്റെ ജീവിതത്തിലെ അവസാനത്തെ 144 ദിവസം ഗാന്ധിജി ചെലവഴിച്ചതും ഒടുവില്‍ വെടിയേറ്റു വീണതും ഈ മണ്ണിലാണ്. സ്വസ്തിക ചിഹ്നംപതിച്ച ഒരു സ്ഥൂപമാണ് ഗാന്ധിസ്മൃതിയിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്നത്.
അകത്തേക്ക് കടന്നാല്‍ രാഷ്ട്രപിതാവിന്റെ ആത്മാവ് തൊട്ടറിയാം. താമസിച്ചിരുന്ന മുറി അതുപോലെ സൂക്ഷിച്ചിരിക്കുന്നു. കണ്ണട, വസ്ത്രങ്ങള്‍, മരംകൊണ്ടുള്ള എഴുത്തുമേശ, സ്പൂണ്‍, ഫോര്‍ക്ക് എല്ലാം അവിടെയുണ്ട്. പുറത്ത് ഗാന്ധിജി വെടിയേറ്റുവീണ മണ്ണില്‍ രക്തസാക്ഷി മണ്ഡപം. ഗാന്ധിജി അവസാനമായി നടന്ന ആ വഴിയില്‍ കാല്‍പ്പാടുകള്‍ കൊത്തിവച്ചിരിക്കുന്നു.
12 മുറികളുള്ള ബിര്‍ല ഹൗസില്‍ ഗാന്ധിജിയുടെ ജീവിതവും സ്വാതന്ത്ര്യ സമര പോരാട്ടവും ചിത്രങ്ങളിലൂടെ വരച്ചിട്ടിട്ടുണ്ട്. വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ ഗാന്ധിയെ അടുത്തറിയാം ഈ സ്മാരകത്തിലെത്തുമ്പോള്‍. 1928 ല്‍ വ്യവസായി ഘനശ്യാം ബിര്‍ല നിര്‍മിച്ച ഈ കെട്ടിടം 1971 ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.