ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമാണ് മഹാകുംഭമേളയില്‍ എത്തി സ്നാനം ചെയ്ത് നടി നിത്യ ദാസും കുടുംബവും. പ്രയാഗ് രാജിൽ നിന്നുള്ള ചിത്രങ്ങളും ത്രിവേണി സംഗമസ്ഥാനത്തു സ്നാനം ചെയ്യുന്ന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു. നടിയുടെ സഹോദരിയും ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു. കുംഭമേളയ്‌ക്കെത്തി പുണ്യനദിയില്‍ മുങ്ങി നിവരുന്നതോടെ പാപങ്ങളെല്ലാം ശരീരത്തില്‍ നിന്നും ഒഴിഞ്ഞ് പുണ്യം പ്രാപിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.
പൗഷ് പൗർണ്ണമി സ്നാനത്തോടെയാണ് മഹാ കുംഭമേളയുടെ ചടങ്ങുകൾ ആരംഭിക്കുക. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഹാസംഗമത്തില്‍ 40 കോടിയിലേറെ തീര്‍ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷത്തിലൊരിക്കല്‍മാത്രം നടക്കുന്ന പൂര്‍ണകുംഭമേള ചടങ്ങുകള്‍ ശിവരാത്രി ദിനം വരെ നീളും. 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പൂർണ്ണ കുംഭമേളയ്ക്ക് ഇത്തവണ മറ്റൊരു സവിശേഷതയുമുണ്ട്. സൂര്യ, ചന്ദ്ര, വ്യാഴ ഗ്രഹങ്ങൾ പ്രത്യേക രാശിയിൽ എത്തുന്ന 144 വർഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന അപൂര്‍വതയുടെ വേളയിലാണ് ഈ കുംഭമേള.
സന്യാസിമാര്‍ നദീതീരങ്ങളിലേക്ക് ആചാരപരമായ ഘോഷയാത്ര നടത്തി സ്‌നാനം നിര്‍വഹിക്കുന്ന ഷാഹി സ്‌നാന്‍ ആണ് മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ആറ് പ്രധാന സ്നാന ദിവസങ്ങള്‍. സ്നാനം മോക്ഷം നല്‍കുന്നുവെന്നാണ് തീര്‍ഥാടകരുടെ വിശ്വാസം. ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലാണ് കുംഭമേളയ്ക്ക് സമാപനമാവുക. അനുഷ്ഠാനങ്ങളില്‍ പങ്കുചേരാന്‍ ഹിമാലയത്തില്‍ നിന്നുള്ള സന്യാസിമാരും കഠിനതപസ്സനുഷ്ഠിച്ചിരുന്നവരും അഘോരികളും സാധാരണ ഭക്തരുമെല്ലാം ഗംഗയുടെ തീരത്തേക്കെത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.