ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ബലമായി ചുംബിച്ചയാളെ ചോദ്യം ചെയ്യുന്ന യുവാവിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ട്രെയിനില്‍ വല്ലപ്പോഴുമാണ് റിസർവേഷന്‍ കിട്ടുക. അങ്ങനെ അപൂർവ്വമായി ലഭിച്ച റിസർവേഷന്‍ സീറ്റില്‍ സമാധാനത്തോടെ സ്വസ്ഥമായി കിടന്ന് യാത്ര ചെയ്യുന്നതിനിടെ, അടുത്തെത്തിയ മറ്റൊരു യാത്രക്കാരന്‍ അനുമതിയില്ലാതെ തന്നെ ചുംബിച്ചെന്ന് ആരോപിച്ചാണ് യുവാവ് വീഡിയോ ചിത്രീകരിച്ചത്. പൂനെ ഹതിയ എക്പ്രസിലാണ് സംഭവം നടന്നത്.
സഹയാത്രികന്‍റെ അപ്രതീക്ഷിത പ്രവർത്തിയില്‍ ഭയന്ന് പോയ യുവാവ് സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റ് വിഡിയോ ചിത്രീകരിച്ച് കൊണ്ട് അജ്ഞാതനായ അയാളെ ചോദ്യം ചെയ്യുകയായിരുന്നു. 'ഞാന്‍ ട്രെയിനില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. അതിനിടെ ഇയാൾ വന്ന് ബലമായി തന്നെ ചുംബിച്ചു. 'എനിക്ക് ഇഷ്ടം തോന്നി. അത് കൊണ്ട് ചെയ്തു' എന്നായിരുന്നു അയാളുടെ മറുപടി. അയാളുടെ ഭാര്യ, 'അത് വലിയ കാര്യമല്ലെന്ന് പറഞ്ഞ്' അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചു.' യുവാവ് വീഡിയോയില്‍ പറയുന്നത് കേൾക്കാം. ഇത് ഒരു സ്ത്രീയ്ക്ക് സംഭവിക്കുകയാണെങ്കിലോ എന്തിന് അയാളുടെ ഭാര്യയെ ആരെങ്കിലും ഇത് പോലെ ചുംബിക്കുകയാണെങ്കിലോ എന്ത് സംഭവിക്കുമായിരുന്നു? യുവാവ് അസ്വസ്ഥതയോടെ ചോദിക്കുന്നു.