holi-rajastan

TOPICS COVERED

നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാൽ രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ നഗർ ഗ്രാമത്തിലെ പുരുഷന്മാർക്ക് ഹോളി ആഘോഷിക്കാന്‍ കഴിയില്ല. അവര്‍ക്ക് ശക്തമായ വിലക്കാണ് ഹോളിയിലുള്ളത്.  സ്ത്രീകള്‍ ഹോളി ആഘോഷിക്കുംമ്പോള്‍ പുരുഷന്‍മാര്‍ ഗ്രാമം വിട്ട് പോകണം.   ഇത് ഒന്നും രണ്ടും വര്‍ഷത്തെയല്ല 500 വര്‍ഷത്തെ പാരമ്പര്യമാണ്.

സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് വരാന്‍ വിലക്കുകളും പരിമിതികളും ഉള്ള കാലത്ത് ഉണ്ടായ ആചാരമാണിതെന്നാണ് വിശ്വാസം. പുരുഷന്മാർ ഉണ്ടെങ്കിൽ സ്ത്രീകൾ പുറത്തിറങ്ങില്ലാത്ത കാലത്ത് സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ഹോളി ആഘോഷിക്കാന്‍വേണ്ടിയുണ്ടായ  ആചാരം. പിന്നീട് നൂറ്റാണ്ടുകളായി ഇത് പിന്തുടര്‍ന്ന് പോന്നു.അഞ്ച് വയസ്സിന് മുകളിലുള്ള ആൺകുട്ടികൾ മുതൽ ആരും ഹോളി ദിനത്തിൽ ഈ ഗ്രാമത്തിൽ താമസിക്കാറില്ല.

ഹോളിയുടെ ദിവസം രാവിലെ 10 മണിയോടെ പുരുഷന്മാർ വീടുകളിൽ നിന്ന് ഇറങ്ങി ഗ്രാമത്തിന്റെ ഉള്‍പ്രദേശത്തുള്ള ചാമുണ്ഡ മാതാ ക്ഷേത്രത്തിലേക്ക് പോകുന്നു. ഏകദേശം അഞ്ച് മണിക്കൂറോളം അവര്‍ ക്ഷേത്രത്തില്‍ ചിലവഴിക്കും. ഈ സമയം ഗ്രാമം മുഴുവന്‍ സ്ത്രീകളുടെ കയ്യിലായിരിക്കും. 

ഈ ഗ്രാമത്തില്‍ പുരുഷന്‍മാര്‍ ഹോളി ആഘോഷിക്കുന്നതില്‍നിന്ന് മാത്രമല്ല വിലക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ ഹോളി ആഘോഷിക്കുന്നത് കാണാനും അവര്‍ക്ക് കഴിയില്ല. മുന്‍കാലങ്ങളില്‍  ഈ സമയത്ത് ഗ്രാമത്തില്‍ കാണുന്ന അഞ്ച് വയസിന് മുകളിലുള്ള ഏതൊരു പുരുഷനും ചാട്ടവാറടിയായിരുന്നു ശിക്ഷ. ഇന്നും ഈ നിയമം ലംഘിക്കുകയാണെങ്കില്‍ പുരുഷനെ ഗ്രാമത്തി‌ല്‍ നിന്ന് തന്നെ പുറത്താക്കും.

സ്ത്രീകളാണ് ഇവ‌ിടുത്തെ ഹോളി ആഘോഷം ഏറ്റെടുക്കുന്നത്. അവര്‍ക്ക് സാമൂഹിക നിയന്ത്രണങ്ങളൊന്നുമില്ലാതെ ആഘോഷിക്കാൻ പറ്റിയ ദിവസമാണിതെന്ന് പറയുന്നു. എന്നാല്‍ ഹോളി കഴിഞ്ഞ് അടുത്ത ദിവസം പുരുഷന്‍മാര്‍ക്ക് ആഘോഷിക്കാന്‍ പറ്റാതെ പോയതിന്റെ സങ്കടം നികത്തപ്പെടും. അടുത്ത ദിവസം അവരെല്ലാം ചേര്‍ന്ന് വീണ്ടും ഹോളി ആഘോഷിക്കും. 500 വർഷം പഴക്കമുള്ള ഈ പാരമ്പര്യം ഇപ്പോഴും കർശനമായി പിന്തുടരപ്പെടുന്നുണ്ട്

ENGLISH SUMMARY:

In Rajasthan’s Nagar village, men have been banned from celebrating Holi for 500 years. While women participate in the festival of colors, men must leave the village. This centuries-old tradition continues to this day, making it one of India's most unique Holi customs.