തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് ലോക ചെസ് ചാംപ്യൻഷിപ്പ് ജേതാവ് ഡി ഗുകേഷ്. കുടുംബത്തോടൊപ്പമെത്തിയ ഗുകേഷ് ക്ഷേത്രത്തിലെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി തലമൊട്ടയടിക്കുകയും ചെയ്തു. തിരുപ്പതി ക്ഷേത്രം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും ചെസ് ചാംപ്യൻഷിപ്പ് വിജയിച്ച സമയത്ത് ക്ഷേത്രത്തില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഗുകേഷ് പറഞ്ഞു.
എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. 2025ൽ പ്രധാനപ്പെട്ട ഒരുപാട് ടൂർണമെന്റുകളുണ്ട്. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എല്ലാ രീതിയിലും മെച്ചപ്പെടുത്തണം. ദൈവാനുഗ്രഹത്തോടെ എല്ലാം നന്നായി നടക്കുമെന്നാണ് പ്രതീക്ഷയെന്ന് അടുത്തിടെ ഗുകേഷ് പറഞ്ഞിരുന്നു.
ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗുകേഷിന്റെ ചിത്രം പുറത്തുവന്നത്. ചെറുപ്രായത്തിൽ തന്നെ കരിയറിൽ വൻ നേട്ടം കൈവരിച്ച ഗുകേഷ് ആത്മീയതയ്‌ക്ക് പ്രാധാന്യം നൽകുന്നത് കാണുമ്പോള്‍ വളരെ സന്തോഷമുണ്ടെന്നാണ് പലരുടെയും കമന്റ്. നേർച്ചയുടെ ഭാഗമായാകും തല മൊട്ടയടിച്ചതെന്നും കമന്‍റുകളുണ്ട്.
കഴിഞ്ഞ വർഷം, ലോക ചെസ് ചാംപ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഗുകേഷ് മാറിയതോടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സിംഗപ്പൂരിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ചൈനയുടെ ഡിംഗ് ലിറനെയാണ് 18 കാരനായ ഗുകേഷ് പരാജയപ്പെടുത്തിയത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായായിരുന്നു ഒരു ഇന്ത്യൻ താരം ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നത്. ഖേൽ രത്ന പുരസ്കാരവും ഗുകേഷിനെ തേടിയെത്തിയിരുന്നു.