Image Credit: Instagram/hasinjahanofficial
ഹോളി ആഘോഷിച്ച ചിത്രം പങ്കുവച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകള്‍ ഐറയ്ക്ക് നേരെ സൈബറാക്രമണം. റംസാന്‍ മാസത്തില്‍ ഹോളി ആഘോഷിച്ചു എന്നതിനെയാണ് പലരും കമന്‍റ് ബോക്സില്‍ വിമര്‍ശിക്കുന്നത്. ഷമിയുടെ മുന്‍ഭാര്യ ഹസിൻ ജഹാൻ പങ്കുവച്ച ചിത്രത്തിലാണ് കമന്‍റുകള്‍.
'നിങ്ങള്‍ മുസ്‍ലിം ആണോ അല്ലെയോ' എന്നാണ് ഒരു കമന്റ്. ഷമി ഭായിയുടെ മകൾക്ക് എന്ത് സംഭവിച്ചു? എന്നും കമന്‍റിലൂടെ ചോദിക്കുന്നുണ്ട്. ഇത് റമദാന്‍ മാസമാണ്, നിങ്ങളെ ഓര്‍ത്ത് നാണം തോന്നുന്നു എന്നാണ് ഒരു കമന്‍റ്. ഇത്തരം വിദ്യാഭ്യാസമാണോ നിങ്ങള്‍ മകള്‍ക്ക് നല്‍കുന്നത് എന്നും കമന്‍റുണ്ട്. റംസാൻ മാസത്തിൽ പോലും നിങ്ങള്‍ക്ക് ലജ്ജയില്ലെ എന്നാണ് ഹസിൻ ജഹാന് എതിരെയുള്ള വിമര്‍ശനം.
സംഭവം വാര്‍ത്തയായതോടെ പലരും പിന്തുണയുമായും കമന്‍റ് ബോക്സിലുണ്ട്. കുട്ടിക്ക് ഹോളി ആശംസകളറിയിക്കുകയാണ് സൈബര്‍ ലോകം. ഹോളി ആശംസകൾ, സമൂഹത്തിൽ മനുഷ്യനായിരിക്കുക. ഇതാണ് ലോകം, അതിനെക്കുറിച്ച് വിഷമിക്കേണ്ട എന്നാണ് പിന്തുണച്ച് കൊണ്ടുള്ള കമന്‍റ്.
നേരത്തെ, റംസാന്‍ മാസത്തില്‍ നോമ്പെടുക്കാത്തതിന് മുഹമ്മദ് ഷമിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ ഷമി എനര്‍ജി ഡ്രിങ്ക് കുടിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു വിമര്‍ശനം. അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ഉള്‍പ്പെടെയുള്ള മതപണ്ഡിതര്‍ ഷമിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
വിവാഹ ബന്ധം പിരിഞ്ഞ ശേഷം മകൾ ഐറ, ഹസിൻ ജഹാനൊപ്പമാണ് താമസം. പ്രായത്തിൽ തന്നേക്കാൾ 10 വയസിനു മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്.