metro-traveller

TOPICS COVERED

യാത്രയാണ് ജര്‍മന്‍കാരന്‍ അലെക്സ് വെല്‍ഡറുടെ ഏറ്റവും വലിയ ഹരം. രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി ഉള്ളത് ഉള്ളതുപോലെ പറയുന്ന സ്വഭാവക്കാരന്‍. ചൈന, സൗത്ത് കൊറിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ അലക്സ് നമ്മുടെ നാട്ടിലുമെത്തി. നമ്മള്‍ തന്നെ പലപ്പോഴും കുറ്റപ്പെടുത്തുന്ന ചില സംവിധാനങ്ങളൊക്കെ കൊള്ളാം എന്നാണ് ഈ ജര്‍മന്‍കാരന്‍ പറയുന്നത്. ഡല്‍ഹി മെട്രോ കണ്ട് ഞെട്ടി എന്ന് അലെക്സ് വെല്‍ഡര്‍ . കാര്യക്ഷമത, ശുചിത്വം അങ്ങനെ മൊത്തത്തിലുള്ള നിലവാരം നല്ലതാണെന്നാണ്  അലെക്സ് വെല്‍ഡറുടെ അഭിപ്രായം. 

ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍, സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്ക് പുറമെ താങ്ങാനാകുന്ന ചെലവിന്‍റെ കാര്യത്തിലും ഡല്‍ഹി മെട്രോയെ പുകഴ്ത്തിയിട്ടുണ്ട് അദ്ദേഹം.  ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലേതിന് സമാനമായ സൗകര്യങ്ങള്‍ ഡല്‍ഹിയിലേയും ആഗ്രയിലേയും മെട്രോകളില്‍ ഉണ്ടെന്നാണ് അലെക്സ് വിലയിരുത്തുന്നത്. പ്ലാറ്റ്ഫോം സ്ക്രീന്‍ ഡോര്‍സ്, ഫോണ്‍ ചാര്‍ജിങ് പോയന്‍റ്സ് എന്നിവയ്ക്ക് പുറമെ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സീറ്റുകളും ജര്‍മന്‍കാരനെ ആകര്‍ഷിച്ചിട്ടുണ്ട്. 

ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകളില്‍ ധാരാളം ഭക്ഷണശാലകളും ഷോപ്പിങ് സൗകര്യങ്ങളും ഉണ്ടെന്നതും മികവായി ചൂണ്ടിക്കാണിക്കുന്നു. ലോകം കാണാത്ത ആളായത് കൊണ്ടാണോ ഈ ജര്‍മന്‍കാരന്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് സംശയിക്കാനും പറ്റില്ല. അങ്ങനെ സംശയിച്ചാല്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ വലിയ ലിസ്റ്റ് തന്നെ അലക്സ് ഒറ്റശ്വാസത്തില്‍ പറഞ്ഞെന്നുവരും.

നല്ലത് കണ്ടാല്‍ നല്ലത് പറയുന്ന ഈ ചങ്ങാതി, ഇന്ത്യയിലെ വാരാണസിയിലെ മാലിന്യപ്രശ്നത്തെ വിമര്‍ശിച്ചിട്ടുമുണ്ട്. യാത്രയ്ക്കിടെ ഇനി നമ്മുടെ കേരളത്തിലെങ്ങാന്‍ അലക്സ് പ്രത്യക്ഷപ്പെട്ടാല്‍ നമ്മുടെ റോഡുകളെകുറിച്ചും കെഎസ്ആര്‍ടിസിയെ കുറിച്ചുമൊക്കെ എന്തൊക്കെയുണ്ടാകും പറയാന്‍.