അഹമ്മദാബാദിലെ ഖോഖരയില്‍ തീപിടിച്ച ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് ആത്മരക്ഷാര്‍ഥം ആളുകള്‍ പുറത്തു ചാടിയത് ജീവന് പണംവച്ച് . പരിഷ്കാര്‍ എന്ന കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. എന്നല്‍ പുകയും തീയും നിറഞ്ഞതോടെ പുറത്തിറങ്ങാന്‍ പറ്റാതെ ചിലര്‍ ഫ്ലാറ്റിനുള്ളില്‍ കുടുങ്ങുകയും ചെയ്തു.
ഏഴ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനിടയിൽ കണ്ട ഒരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങിളില്‍ വൈറലാവുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് കനത്തവിഷപുക പരിസരമാകെ പടർന്നു പിടിക്കവേ ഒരു യുവതി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ നടത്തിയ സാഹസികതയുടെ വിഡിയോയാണിത്. ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ഈ രക്ഷപ്രവർത്തന ദൃശ്യം ഏതൊരാള്‍ക്കും കാണാന്‍ സാധിക്കൂ.
രണ്ടുസ്ത്രീകളും രണ്ടുകുട്ടികളുമാണ് വിഡിയോയിലുള്ളത്. ഫ്ലാറ്റിന്റെ എത്രാമത്തെ നിലയിലാണ് ഇവരുള്ളതെന്ന് വ്യക്തമല്ല. വിഷപ്പുക ശ്വസിക്കാതിരിക്കാൻ പിഞ്ചുകുഞ്ഞിനെ പുറത്തേക്ക് തൂക്കിയിട്ട് കുഞ്ഞുകൈകളിൽ പിടിച്ചു നിൽക്കുകയാണ് സ്ത്രീ. പിന്നീട് സഹായത്തിനായി വിളിച്ചപ്പോള്‍ താഴെ നിലയിലുള്ള രണ്ട് ചെറുപ്പക്കാര്‍ രണ്ടു കുഞ്ഞുങ്ങളെയും സുരക്ഷിതമായി ഏറ്റുവാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
കുട്ടികള്‍ രണ്ടുപേരെയും സുരക്ഷിതമായി ഇറക്കിയ ശേഷം യുവതിയും താഴേക്ക് സ്വയം ഇറങ്ങാന്‍ ശ്രമിക്കുന്നു. ഇടങ്ങരുത് എന്ന് താഴെയുള്ളവര്‍ പറയുന്നുണ്ടെങ്കിലും അവര്‍ അത് കാര്യമാക്കാതെ ഇറങ്ങുന്നു. കൃത്യമായി അവരുടെ കാലിൽ പിടിച്ചു അപകടമില്ലാതെ രക്ഷപ്പെടുത്താൻ ആ യുവാക്കൾക്ക് കഴിഞ്ഞു. തീപിടിത്തമുണ്ടായ സമയത്ത് കെട്ടിടത്തിൽ കുടുങ്ങിയ 18 പേരും രക്ഷപ്പെട്ടു.