ഉത്തർപ്രദേശിലെ മുസാഫർനഗറിൽ യുവതിയെ ഹിജാബ് അഴിച്ചുമാറ്റുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ കൂട്ടമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ ആറുപേർ പിടിയിലായി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
ഖലാപർ സ്വദേശിനിയും ഉത്കർഷ് സ്മോൾ ഫിനാൻസ് ലിമിറ്റഡിലെ ജീവനക്കാരിയുമായ ഫർഹാനയുടെ മകൾ ഫർഹീനാണ് ആൾക്കൂട്ട അധിക്ഷേപത്തിന് ഇരയായത്. അമ്മയുടെ നിർദ്ദേശപ്രകാരം സച്ചിനെന്ന യുവാവിനൊപ്പം വായ്പാ ഗഡുവാങ്ങാൻ മോട്ടോർ സൈക്കിളിൽ പോകുമ്പോഴായിരുന്നു ഇരുവർക്കുമെതിരെ ആൾക്കൂട്ട അധിക്ഷേപവും ആക്രമണവും ഉണ്ടായത്.
അക്രമിസംഘത്തിലെ ഒരു പുരുഷൻ ഫർഹീനയുടെ ഹിജാബ് ബലമായി ഊരിയെടുക്കുന്നതും മറ്റുള്ളവർ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും അധിക്ഷേപിക്കുകയും ശാരീരകമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വൈറലായ ദൃശ്യങ്ങളിലുള്ളത്.