AI Generated Image.
വിവാഹ വേദിയിലെത്തിയപ്പോള്‍ വരനൊരു സംശയം, കല്യാണം കഴിക്കാന്‍ പോകുന്നത് കല്യാണം ഉറപ്പിച്ച പെണ്‍കുട്ടിയുമായാണോ?. സംശയം തീര്‍ക്കാന്‍ കല്യാണപെണ്ണിന്‍റെ മുഖപടം നീക്കി, വേദിയില്‍ ഒരുങ്ങിയെത്തിയിരിക്കുന്നത് 45 കാരിയായ അമ്മയാണ്.
മീററ്റിലെ ബ്രഹ്മപുരിയില്‍ കഴിഞ്ഞ ദിവസം നടന്ന നിക്കാഹ് ചടങ്ങിനിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബ്രഹ്മപുരിയില്‍ നിന്നുള്ള 22 കാരനായ മുഹമ്മദ് അസീമും ഫസൽപൂരിൽ നിന്നുള്ള 21 കാരി മന്‍താഷയുമായുള്ള വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹ വേദിയില്‍ വധുവായി ഒരുങ്ങിയെത്തിയത് 45 കാരിയായ യഥാര്‍ഥ വധുവിന്‍റെ അമ്മ. ആള്‍മാറാട്ടം ഇപ്പോള്‍ പൊലീസ് കേസിലെത്തി നില്‍ക്കുന്നു.
ചടങ്ങിനിടെ പുരോഹിതന്‍ വധുവിന്‍റെ പേര് വിളിച്ചപ്പോഴാണ് സംശയം തോന്നിയത്. വധുവിന്‍റെ പേരായി താഹിറ എന്നാണ് പുരോഹിതന്‍ വിളിച്ചു പറഞ്ഞത്. അത് മന്‍താഷയുടെ അമ്മയുടെ പേരാണെന്ന് തനിക്കറിയാമായിരുന്നു. ഈ ഞെട്ടലിലാലാണ് ഞാന്‍ മുഖപടം ഉയര്‍ത്തിയത് എന്നാണ് അസീം പൊലീസിനോട് പറഞ്ഞത്.
ഇതോടെ വിവാഹ വേദിയില്‍ സംസാരമായി. അസീം പ്രതിഷേധിക്കുകയും വധുവിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. മൂത്ത സഹോദരൻ നദീമും ഭാര്യ ഷൈദയും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. ഫസൽപൂരിൽ നിന്നുള്ള ഷൈദയുടെ 21 വയസുള്ള അനന്തരവളാണ് മന്‍താഷ
മന്‍താഷയാണ് വധുവെന്നത് മാര്‍ച്ച് 31 ന് തനിക്ക് ഉറപ്പുനൽകിയതായി അസിം പോലീസിനോട് പറഞ്ഞു.
എന്നാല്‍ വിവാഹത്തില്‍ നിന്നും പിന്മാറിയില്‍ വ്യാജ പീഡന പരാതി നല്‍കുമെന്ന് പറഞ്ഞ് കുടുംബം ഭീഷണിപ്പെടുത്തിയെന്നും അസീം നല്‍കിയ പരാതിയില്‍ പറയുന്നു. ഭീഷണിക്ക് ഭയപ്പെടാതെ വധുവിനെ കൂട്ടാതെയാണ് അസീം വീട്ടിലേക്ക് മടങ്ങിയത്. മീററ്റിലെ എസ്എസ്പി ഓഫീസിൽ ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.