pahalgam-attack

ഹിമാലയ പര്‍വത നിരകള്‍ക്കിടയില്‍ കാണുന്ന ഭൂമിയിലെ കൊച്ചു സ്വര്‍ഗം, കശ്മീരിന്‍റെ കിരീടത്തിലെ രത്നം,  പഹല്‍ഗാം. മണിക്കൂറുകള്‍ക്ക് മുമ്പ് വരെ മഞ്ഞിന്‍റെ വെണ്‍മ പുതച്ചു കിടന്ന മലനിരകള്‍ക്ക് ചോരച്ചുവപ്പ്. കുതിരപ്പുറത്തേറി ബൈസരന്‍ താഴ്വരയുടെ സമാനതകളില്ലാത്ത സൗന്ദര്യം ആസ്വദിച്ചു നീങ്ങിയ  വിനോദ സഞ്ചാരികളാണ് തോക്കിന്‍മുനയില്‍  പിടഞ്ഞു മരിച്ചത്. രണ്ടാഴ്ച മുമ്പ് ഞാനുള്‍പ്പെടെ 28  അംഗ മലയാളി വിനോദ സഞ്ചാര സംഘം കണ്‍കുളിര്‍ക്കെ കണ്ട സ്ഥലങ്ങളിലാണ്  മരണം കാത്തു കിടന്നത്. 

​പഹല്‍ഗാം അഥവാ ഇടയന്മാരുടെ ഗ്രാമം 

പ്രാദേശിക ഭാഷയില്‍ പഹല്‍ എന്നാല്‍ ഇടയന്മാര്‍ എന്നും ഗാം എന്നാല്‍ ഗ്രാമം എന്നുമാണ്.  ഇടയന്മാരുടെ ഗ്രാമം എന്നാണ് അര്‍ഥം.   സമുദ്രനിരപ്പില്‍ നിന്ന് 2200 മീററര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണ് പഹല്‍ഗാം. ശ്രീനഗറില്‍ നിന്ന് 93  കിലോമീറ്റര്‍ സ‍ഞ്ചരിച്ച് വേണം  പഹല്‍ഗാമിലെത്താന്‍.  അരു വാലിയും ബേതാബ് വാലിയും ചന്ദന്‍വാരിയും അടങ്ങിയ വിനോദ സഞ്ചാരികളുടെ പറുദീസ. പ്രശസ്തമായ അമര്‍നാഥ് തീര്‍ഥാടനത്തിന്‍റെ തുടക്കം ചന്ദന്‍വാരിയില്‍ നിന്നാണെന്നതും സ്ഥലത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.   6 കിലോമീറ്റര്‍ കുതിരപ്പുറത്ത് സഞ്ചരിച്ചാല്‍ ഭീകരാക്രമണം നടന്ന   ബൈസരന്‍ താഴ്വരയിലെത്തും. മനോഹരമായ ഭൂപ്രകൃതി കൊണ്ട് പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞ തെളിഞ്ഞ അരുവികളൊഴുകുന്ന   ബൈസരന്‍ താഴ്വര   മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. 

പോണിറൈഡിന്‍റെ കേന്ദ്രം 

ബൈസരന്‍ താഴ്വരയിലെ വളഞ്ഞ് പുളഞ്ഞ് ചരിഞ്ഞ് കിടക്കുന്ന മലമ്പാതകളിലൂടെ വാടകയ്ക്കെടുത്ത കുതിരപ്പുറത്തുകൂടി വേണം സഞ്ചരിക്കാന്‍. കൂടുതല്‍ കൂടുതല്‍ ഉയരത്തിലേയ്ക്ക് പോകുന്തോറും ഒരു കുതിരയ്ക്ക് മാത്രം കടന്നു പോകാന്‍ മാത്രം വഴി  പരിമിതമാകും. എത്തുന്നത് വിശാലമായ പുല്‍മേട്ടിലേയ്ക്കാണ്. കശ്മീരിന്‍റെ മനോഹാരിതയും ശാന്തയും മുഴുവന്‍ നിറയുന്നയിടം.  അവിടെ കുതിരസവാരി ആസ്വദിച്ചവരെയാണ് ഭീകരര്‍ ഇരകളാക്കിയത്. ഒന്നോടി രക്ഷപെടാന്‍ പോലും വഴിയില്ലാത്ത   ഒളിക്കാന്‍ ഒരു കെട്ടിടം പോലുമില്ലാത്ത ഇടമാണ് ഭീകരര്‍ കൊലക്കളമായി തിരഞ്ഞെടുത്തത്. 

​കുങ്കുമ പൂവിന്‍റെ നാട് 

​കുങ്കുമ പൂ പാടങ്ങള്‍കൊണ്ട്, ആപ്പിള്‍ തോട്ടങ്ങള്‍കൊണ്ട്  നിറഞ്ഞതാണ് പഹല്‍ഗാമിലേയ്ക്കുളള വഴികള്‍. സീസണല്ലാത്തതിനാല്‍ കുങ്കുമ പൂ കൃഷി കാണാനായില്ലെങ്കിലും അതുപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന നിരവധി ഉല്പന്നങ്ങള്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന കടകളുണ്ട്. പൊന്നിന്‍ വിലയുളള യഥാര്‍ഥ കുങ്കുമ പൂ വാങ്ങണമെങ്കില്‍ ഇവിടെ വരണം. 

പച്ചപിടിച്ച് തുടങ്ങിയ താഴ്‌വര

എല്ലാ സീസണിലും പഹല്‍ഗാം അതിമനോഹര കാഴ്ചയാണ് .  ഒരല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഒന്നാന്തരം ട്രെക്കിങ് സ്പോട്ടും.  മലയാളികളടക്കമുളള സഞ്ചാരപ്രേമികളുടെ സ്വപ്നനഗരമായി പഹല്‍ഗാം വളരുകയായിരുന്നു.വെടിയൊച്ചകള്‍ കുറഞ്ഞ്   ടൂറിസവും അതോടനുബന്ധിച്ചുളള കച്ചവടങ്ങളും അടുത്തിടെയായി പച്ച പിടിച്ചിരുന്നു. അതോടൊപ്പം അവിടുത്തെ ജനവിഭാഗങ്ങളുടെ ജീവിതവും  മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. അത്രയേറെ ശ്രദ്ധാ കേന്ദ്രം ആകുന്നതുകൊണ്ടു തന്നെയാകണം ഭീകരര്‍ പഹല്‍ഗാമിനെ  ചോരപുതപ്പിച്ചതും. 

ENGLISH SUMMARY:

A serene snow-covered landscape turned into a scene of horror as a terrorist attack struck Pahalgam in Kashmir. Just weeks earlier, a Malayali tourist group had visited the same area. The attack targeted tourists enjoying the scenic Baisaran Valley.