പഹല്‍ഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. എക്കാലവും ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലമാണ് പഹല്‍ഗാം. ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഇതിന് മുൻപും ഭീകരർ പഹൽഗാമിനെ ലക്ഷ്യം വച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് 6 വിദേശികളെ പഹൽഗാമിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 1995 ജൂലായിൽ.
കൊടും ഭീകരനായ മസൂദ് അസറിന്റെ മോചനത്തിന് വേണ്ടിയായിരുന്നു അന്ന് ഭീകര്‍ 6 പേരെ തട്ടിക്കൊണ്ടുപോയതും വില പേശിയതും.
ജർമ്മനി, നോർവെ, യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് 1995ല്‍ കടത്തിക്കൊണ്ടുപോയത്. ആ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അൽ ഫരൻ എന്ന സംഘടനയായിരുന്നു.
ഭീകരനായ മസൂദ് അസറിനെയും, ഒപ്പമുണ്ടായിരുന്ന 20 പെരെയും പുറത്തിറക്കണമെന്ന ആവശ്യമാണ് അന്നവര്‍ ഉന്നയിച്ചത്. അന്ന് തട്ടിക്കൊണ്ടുപോയ ആറ് പേരില്‍ ഒരാളെ വളരെ ക്രൂരമായാണ് ഭീകര്‍ കൊന്നുകളഞ്ഞത്. അന്ന് കൊല്ലപ്പെട്ടത് നോർവ്വേക്കാരനായ ഹാൻസ് ക്രിസ്ത്യൻ ഓസ്‌ട്രോ എന്ന 27കാരനായിരുന്നു.
കേരളത്തിലെത്തിയ ശേഷം, കശ്മീരിന്‍റെ സൗന്ദര്യം ആസ്വദിക്കാനായി പഹല്‍ഗാമിലെത്തിയ ഓസ്‌ട്രോയെ തലവെട്ടിയാണ് കൊന്നത്. ഓസ്‌ട്രോയുടെ മരണം മാത്രമേ ഇതുവരെ പുറംലോകം അറിഞ്ഞിട്ടുള്ളൂ. ഓസ്‌ട്രോക്ക് ഒപ്പം പിടിയിലായ ജോൺ ചൈൽഡ്സ് എന്നയാള്‍ ഓഗസ്റ്റ് 17ന് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജമ്മു കശ്മീർ സർക്കാർ 2003 ജനുവരി 28-ന്
കാണാതായ നാലുപേർക്കും മരണ സർട്ടിഫിക്കറ്റ് നൽകി, അവരെ മരിച്ചതായി കണക്കാക്കി. എന്നാലിവര്‍ക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.