adil-husain

ഇത് ആദിലുമാരുടെ ഇന്ത്യയാണ്. കൂടെയുള്ളവരെ കൂടെപ്പിറപ്പിനെപ്പോലെക്കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച് കൊല്ലപ്പെട്ട ആദില്‍ ഹുസൈനിനെപ്പോലെയുള്ളവരുടെ ഇന്ത്യ. എത്രനിറയൊഴിച്ചാലും ഒരു ഭീകരനും തകര്‍ക്കാന്‍ കഴിയാത്ത ദേശസ്നേഹമുള്ള സാധാരണക്കാരുടെ ഇന്ത്യ.

ആദില്‍ ഓരോ ഇന്ത്യാക്കാരന്റെ മനസിലും ജീവിക്കും. ഇന്നലെവരെ അവനൊരു പോണിവാലാ മാത്രമായിരുന്നു. കുടുംബം നയിക്കാന്‍ കുതിരസവാരി നടത്തി അധ്വാനിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഇരുപത്തിരണ്ടാം തിയതിയും സാധാരണപോലെ അവന്‍ സഞ്ചാരികളുമായി കുതിരസവാരിക്ക് പോയതാണ്, ബൈസരണ്‍വാലിയിലേക്ക്.

ഭീകരുടെ തോക്കിന്‍മുനയിലെത്തിയപ്പോള്‍ അവനോടവര്‍ പേര് ചോദിച്ചു. ആദില്‍ ഹുസൈന്‍ എന്ന് കേട്ടപ്പോള്‍ അവനോട് പൊയ്ക്കോളാന്‍ പറഞ്ഞു. കിട്ടിയ ജീവനുംകൊണ്ട് തിരിച്ചോടിയിരുന്നെങ്കില്‍ അവന്‍ ഇന്നും ആ നടുക്കുന്ന സംഭവം വിവരിച്ച് അവന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായേനെ. 

ഭീകരര്‍ പൊയ്ക്കാളാന്‍ പറഞ്ഞിട്ടും പോകാതെ തനിക്കൊപ്പം വന്ന യാത്രികരെ രക്ഷിക്കാനാണ് അവന്‍ തീരുമാനിച്ചത്. ഭീകരരില്‍ നിന്ന് തോക്ക് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അവന്റെ ജീവന്‍ പൊലിഞ്ഞത്. അന്നോളം കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി ആ പാവം ചെറുപ്പക്കാരന്‍ ജീവന്‍ കൊടുത്തു. ജീവനറ്റ ശരീരവുമായി അവന്റെ ഗ്രാമത്തിലെ വീട്ടിലെത്തിയവര്‍ ആ വീടിന്റെ അവസ്ഥകണ്ട് തകര്‍ന്നുപോയി. അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊക്കെ താങ്ങായി അവനേ ഉണ്ടായിരുന്നുള്ളൂ.

 വീട്ടില്‍ അടുപ്പ് പുകയാന്‍ അവന്‍ നയിച്ച് കൊണ്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ വെളിച്ചമാണ് ഒറ്റവെടിയുണ്ട കൊണ്ട് ഇല്ലാതാക്കിയത്. ആദില്‍ പോണിവാലയല്ല, അവന്‍ രാജ്യത്തിനായി ജീവന്‍ കൊടുത്തവനാണ്. അവനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു.

സര്‍ക്കാരിന്റെ സഹായം ആ കുടുംബത്തിന് താങ്ങായി എത്തണമെന്ന് ആദിലിന്റെ കഥകേട്ട പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു. ചോരകൊണ്ട് നേടാം എന്ന് കരുതുന്ന ഓരോ ഭീകരനും അറിയേണ്ട ഒന്നുണ്ട്, ഒപ്പമുള്ളത് ഹിന്ദുവോ, സിഖോ, പണ്ഡിറ്റോ, മുസല്‍മാനോ ആരോ ആയ്ക്കോട്ടെ അവര്‍ക്ക് വേണ്ടി മരിക്കാന്‍ പോലും മനസുള്ള ആയിരക്കണക്കിന് ആദിലുമാരുള്ള നാടിന്റെ ഇന്ത്യ.

ENGLISH SUMMARY:

This is the India of Adil Hussain—an everyday hero who treated strangers like family and gave his life to protect them. In a country where terror tries to instill fear, it’s the courage and patriotism of people like Adil that shine brighter. No extremist can ever destroy the spirit of unity held by India’s ordinary citizens.