\
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശികള്‍ക്ക് നാടിന്റെ യാത്രാമൊഴി.പുലര്‍ച്ചെ ബെംഗളുരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി വീടുകളിലെത്തിച്ചു. മന്ത്രിമാരുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകള്‍.
പുലര്‍ച്ചെ നാലുമണിയോടെ വിമാനത്താവളത്തിയ മൃതദേഹങ്ങള്‍ കേന്ദ്രമന്ത്രി വി. സോമണ്ണയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തളര്‍ന്നു കിടക്കുന്ന അച്ഛന്റെ അരികിലേക്കാണു ഭരത് ഭൂഷന്റെ ചേതയറ്റ ദേഹമെത്തിയത്. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ബെംഗളുരുവില്‍ നിന്നും റോഡു മാര്‍ഗം ശിവമൊഗ്ഗയിലേക്കു കൊണ്ടുപോയി. മന്ത്രിമാരുടെ നേതൃത്വത്തിലാണു സംസ്കാരം ചടങ്ങുകള്‍. ഭരത് ഭൂഷന്റെ വീട്ടില്‍ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയെയും മഞ്ജുനാഥ റാവുവിന്റെ വീട്ടില്‍ വിദ്യഭ്യാസ മന്ത്രി മധു ബംഗാരപ്പയെയും മുഖ്യമന്ത്രി ഇതിനായി ചുമതലപ്പെടുത്തി.