പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രധാന ലക്ഷ്യം ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വര്ഗീയധ്രുവീകരണമുണ്ടാക്കുകയായിരുന്നുവെന്ന് മനസിലാകാത്തവരില്ല. വെറുപ്പിന്റെ സ്ഥിരം വാഹകരായ ചിലരൊഴികെ ഇന്ത്യന്‍ ജനത ആ വര്ഗീയധ്രുവീകരണശ്രമത്തിനെതിരെയും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്, ചെറുത്തു തോല്പിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ പ്രവൃത്തികളില്‍ മതവിദ്വേഷവും സംശയവും കടന്നുവരാറുണ്ടോ? സ്വയം പരിശോധിച്ചു തിരുത്താന്‍ ചില മാര്‍ഗങ്ങള്‍ താഴെ പറയുന്നു.
സംശയിക്കേണ്ട, ഇസ്ലാമോഫോബിയയുടെ ഏറ്റവും സൂക്ഷ്മമായ നുഴഞ്ഞുകയറ്റമാണത്. എല്ലാ ഇന്ത്യക്കാരും പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇടുന്നില്ല, ഇടണമെന്നുമില്ല. മുസ്ലിം വിഭാഗത്തിലുള്ളവരെ പ്രത്യേകമായി നിരീക്ഷിക്കാന്‍ തോന്നുന്നത് ഇസ്ലാമോഫോബിയയാണ്. ജനിച്ച സമുദായത്തിന്റെ പേരില്‍ മാത്രം മറ്റൊരു ഇന്ത്യക്കാരനെ വിലിയിരുത്താന്‍ തോന്നുന്നത് ശരിയല്ല. എല്ലാ ഇന്ത്യക്കാരും പ്രതികരിക്കുന്നില്ല. പ്രതികരിക്കാനുള്ള ബാധ്യതയുമില്ല.
മതത്തിന്റെ പേരില്‍ നടന്ന ഭീകരാക്രമണമായതുകൊണ്ട് ആ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കണോ? ഈ ഭീകരതയില്‍ ഞങ്ങള്‍ക്കു പങ്കില്ലെന്നു തള്ളിപ്പറയണോ? അങ്ങനെ പറയണമെന്നു തോന്നിക്കുന്നതും വിദ്വേഷമാണ്. ഹിന്ദു മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരതയില്‍ ഹിന്ദുക്കള്‍ ഉത്തരവാദികളല്ലാത്തതു പോലെ, ക്രിസ്ത്യന്‍ മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരതയില്‍ ക്രൈസ്തവര്‍ ഉത്തരവാദികളല്ലാത്തതുപോലെ തന്നെ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഭീകരതയില്‍ മുസ്ലിങ്ങള്‍ക്കും ഉത്തരവാദിത്തമില്ല. പ്രതികരിക്കുന്ന ശീലമുള്ളവര്‍ പ്രതികരിച്ചെന്നിരിക്കും. അല്ലാത്തവര്‍ക്ക് നിശബ്ദരായിരിക്കാന്‍ പൂര്‍ണ അവകാശമുണ്ട്. പ്രതികരിക്കണമെന്ന പരോക്ഷമായ ആവശ്യവും നിര്‍ബന്ധവുമെല്ലാം അനുചിതവും വര്‍ഗീയവുമാണ്.
മതത്തിന്റെ പേരു വച്ചു നടത്തിയ ഭീകരാക്രമണമാണ്. പക്ഷേ എല്ലാ മതവിശ്വാസികള്‍ക്കും ആ ആക്രമണത്തില്‍ ഉത്തരവാദിത്തമില്ല. മതത്തിനുമില്ല. ഉത്തരവാദികള്‍ ഭീകരരാണ്, ഭീകരര്‍ മാത്രമാണ്. മതം ഭീകരര്‍ ഉപയോഗിക്കുന്ന മറ മാത്രം. മാനുഷികതയ്ക്കെതിരായ യുദ്ധമാണ് ഭീകരത. അതില്‍ എല്ലാ വിശ്വാസികളും ഏതു മതക്കാരും മാനുഷികതയുടെ പക്ഷത്താണ്, എതിര്‍പക്ഷത്തുള്ളത് ഭീകരര്‍ മാത്രം.
പരോക്ഷമായ നിന്ദയാണീ അഭിനന്ദനം. എന്നുവച്ചാല്‍ ഭീകരാക്രമണത്തെ തള്ളിപ്പറയുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. മതത്തിന്റെ പേരിലുള്ള ഭീകരതയെ മതവിശ്വാസി അംഗീകരിക്കുന്നുണ്ടാകുമെന്ന മുന്‍ധാരണയില്‍ നിന്നാണ് ഈ അഭിനന്ദനവുമുണ്ടാകുന്നത്. അതേപോലെ വിശ്വാസിയാണെങ്കിലും ഇങ്ങനത്തെ ഭീകരതയൊന്നും അംഗീകരിക്കുന്നവരല്ല എന്ന സാക്ഷ്യം പോലും അനാവശ്യവും അനുചിതവുമാണ്. ഒരു വിശ്വാസത്തെക്കുറിച്ചും മുന്‍വിധി വച്ചു പുലര്‍ത്തുന്നതും ശരിയല്ല.
ഒരിക്കലുമില്ല. ഇത് മാനുഷികതയ്ക്കും രാജ്യത്തിനുമെതിരായ വെല്ലുവിളിയാണ്. മനുഷ്യരുടെ സമാധാനജീവിതം തകര്‍ക്കാനും കശ്മീരില്‍ അസ്ഥിരതയുണ്ടാക്കാനും വേണ്ടി മാത്രമുള്ള ഭീകരാക്രമണമാണ് നടന്നത്. അതിനായി മതത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണുണ്ടായത്. അതില്‍ ഏതെങ്കിലും തരത്തില്‍ അതേ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കുറ്റബോധമോ പ്രത്യേകമായ പ്രയാസമോ ഉണ്ടാകേണ്ടതില്ല. ജാതിമതഭേദമില്ലാതെ എല്ലാ ഇന്ത്യക്കാരും ഈ ഭീകരതയെ ഒന്നിച്ചു ചെറുക്കുകയാണ് വേണ്ടത്.