മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 31,000 സ്ത്രീകളെ കാണാതായെന്ന് സര്‍ക്കാര്‍. ഇതില്‍ 2944 പേര്‍ ചെറിയ പെണ്‍കുട്ടികളാണ്. ഒരുദിവസം ശരാശരി 28 സ്ത്രീകളെയും മൂന്ന് പെണ്‍കുട്ടികളെയും കാണാതാകുന്നു എന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ഉള്ളത്. മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ബാല ബച്ചന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ കണക്കുകള്‍ സഭയില്‍ വച്ചത്.
കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഭീതിദമാണെങ്കിലും ഇതുവരെ 724 കേസുകള്‍ മാത്രമേ റജിസ്റ്റര്‍ ചെയ്തിട്ടുള്ളുവെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
34 മാസത്തിനിടെ ഉജ്ജയിനില്‍ മാത്രം 676 സ്ത്രീകളെ കാണാതായി. എന്നാല്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് സാഗര്‍ ജില്ലയില്‍ നിന്നാണ്. 245 പേരാണ് ഇവിടെ നിന്ന് അപ്രത്യക്ഷരായത്. ഇന്‍ഡോറില്‍ നിന്ന് 2384 പേരെ കാണാതായി. 479 പേരെ ഒരു മാസത്തിനിടെയാണ് കാണാതായത്. ഇവിടെ 15 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.