മലയിറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് പൊട്ടിയതോടെ റോഡിലേക്ക് ചാടിയ യാത്രക്കാര്‍ക്ക് പരുക്ക്. ജമ്മുകശ്മീരിലെ ബനിഹാളില്‍ ചൊവ്വാഴ്ചയാണ് സംഭവം. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടത്. അമര്‍നാഥ് യാത്ര കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
അപകടസമയത്ത് 17 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഭയചകിതരായ യാത്രക്കാരില്‍ 10 പേരാണ് ബസിന്‍റെ പിന്‍വശത്തെ വാതിലിലൂടെ ചാടിയത്. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസിന്‍റെ ബ്രേക്ക് നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ അതിസാഹസികമായാണ് വാഹനം സമതലപ്രദേശത്ത് എത്തിച്ചത്. വലിയ അപകടമാണ് ഒഴിവായതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.