rahul-gandhi-hathras-victim

രാജ്യം നടുങ്ങിയ ഹാഥ്റസ് ദുരന്തത്തില്‍ മുഖ്യപ്രതികള്‍ ഇപ്പോഴും കാണാമറയത്ത്. ആള്‍ ദൈവം ഭോലെ ബാബയും പ്രധാന സംഘാടകന്‍ ദേവ് പ്രകാശ് മധുകറടക്കം 5 പേരും ഒളിവില്‍. പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധി ഹാഥ്റസിലെത്തി ഇരകളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും ധനസഹായം ഉയര്‍ത്തണമെന്നും രാഹുല്‍  ആവശ്യപ്പെട്ടു.

 

121 ജീവനുകള്‍ പൊലിഞ്ഞിട്ട് ദിവസം നാലായി. കേസ് രജിസ്റ്റര്‍ ചെയ്ത് സംഘാടക സമിതിയിലെ താഴെ തട്ടിലുള്ള 4 പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയുമാണ് ഇതുവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സത്സംഗ് നടത്തിയ ആള്‍ ദൈവം ഭോലെ ബാബയും കേസെടുത്തിട്ടുള്ള പ്രധാന സംഘാടകന്‍ ദേവ് പ്രകാശ് മധുകറുമടക്കം 5 പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കി എന്നാണ് യുപി പൊലീസും സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. ദേവ് പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറണ്ട് ഉണ്ട്. കണ്ടെത്തുന്നവര്‍ക്ക് ഒരുലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘാടകര്‍ക്ക് മേല്‍ പൂര്‍ണമായും കുറ്റം ചുമത്തുന്ന രീതിയിലുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനിടെ ഹാഥ്റസിലും അലിഗഡിലും എത്തിയ രാഹുല്‍ ഗാന്ധി മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും കണ്ടു. 

ഭോലെ ബാബ പറഞ്ഞ പ്രകാരമാണ് പോയ പാതയിലെ മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതെന്ന് സത്സംഗില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അതേസമയം തിക്കും തിരക്കുമുണ്ടാക്കി ദുരന്തത്തിലേക്ക് നയിച്ചത് ഏതാനും സമൂഹ്യ വിരുദ്ധരാണെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഭോലെ ബാബയും അഭിഭാഷകനും ആവശ്യപ്പെടുന്നത്.

ENGLISH SUMMARY:

Rahul Gandhi visited the families of those who died in Hathras stampede