nok-explained

TOPICS COVERED

വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമന്‍ സിങിന്‍റെ ഭാര്യ സ്മൃതി കീര്‍ത്തിചക്ര സ്വീകരിക്കുന്ന ദൃശ്യങ്ങളും നെഞ്ചുരുക്കുന്ന വാക്കുകളും ഏതാനും ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ തൊട്ടുപിന്നാലെ അന്‍ഷുമന്‍ സിങ്ങിന്‍റെ മാതാപിതാക്കള്‍ സ്മൃതിക്കെതിരെ രംഗത്തെത്തി. കീര്‍ത്തിചക്ര ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ സ്മൃതി കൊണ്ടുപോയെന്നും തങ്ങള്‍ക്ക് മകന്റെ മാലയിട്ട ചിത്രം മാത്രമേ ബാക്കിയുള്ളുവെന്നുമാണ് അന്‍ഷുമന്റെ പിതാവ് രവി പ്രതാപ് സിങ്ങിന്റെ ആരോപണം. സൈനികര്‍ മരിച്ചാല്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള ബന്ധുക്കളെ തീരുമാനിക്കുന്ന മാനദണ്ഡം മാറ്റണമെന്നാണ് രവി പ്രതാപ് സിങ്ങിന്റെ ആവശ്യം. 

anshuman-singh

നെക്സ്റ്റ് ഓഫ് കിന്‍ (Next of Kin) അഥവാ ഏറ്റവും അടുത്ത ബന്ധുവിന് ആണ് സൈനികന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ ആനുകൂല്യങ്ങള്‍ നല്‍കുക. എങ്ങനെയാണ് ഈ ഉറ്റ ബന്ധു ആരെന്ന് തീരുമാനിക്കുന്നത്? എന്താണ് അതിനുള്ള മാനദണ്ഡങ്ങള്‍?

നെക്സ്റ്റ് ഓഫ് കിന്‍ (എന്‍ഒകെ)

എന്‍ഒകെ അഥവാ നെക്സ്റ്റ് ഓഫ് കിന്‍ (Next of Kin) പോളിസിയുടെ അടിസ്ഥാനത്തിലാണ് സര്‍വീസിലിരിക്കെ സൈനികര്‍ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നല്‍കുന്നത്. ‘നെക്സ്റ്റ് ഓഫ് കിന്‍’ എന്നാല്‍ ഉദ്ദേശിക്കുന്നത് ഉറ്റബന്ധു എന്നാണ്. മാതാപിതാക്കള്‍, ജീവിത പങ്കാളി, കുടുംബാംഗങ്ങള്‍, നിയമാനുസൃതമുള്ള രക്ഷകര്‍ത്താവ് ഇവരെല്ലാം എന്‍ഒകെയുടെ മുന്‍ഗണനാക്രമത്തില്‍ വരും. 

ഒരാള്‍ സൈന്യത്തില്‍ ചേരുമ്പോള്‍ അയാളുടെ മാതാപിതാക്കളെയോ അല്ലെങ്കില്‍ നിയമപ്രകാരമുള്ള രക്ഷിതാവിനെയോ ആയിരിക്കും ഏറ്റവും അടുത്ത ബന്ധുവായി കണക്കാക്കുക. എന്നാല്‍ വിവാഹം കഴിയുമ്പോള്‍ ഈ സ്ഥാനത്ത് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പേര് വരും. സര്‍വീസിലിരിക്കെ മരണം സംഭവിച്ചാല്‍ മരണസമയത്ത് ആരുടെ പേരാണോ എന്‍ഒകെ സ്ഥാനത്തുള്ളത് അവര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക.

smrithi-singh-manju

അന്‍ഷുമന്‍ സിങിന്‍റെ മാതാപിതാക്കളുടെ വാദം

‘എൻഒകെയിൽ നിശ്ചയിക്കാനുള്ള മാനദണ്ഡം ശരിയല്ല. അ‍ഞ്ച് മാസം മാത്രമേ മകന്‍ വിവാഹിതനായിരുന്നുള്ളു. അവര്‍ക്ക് മക്കളുമില്ല. സ്മൃതി ഞങ്ങള്‍ക്കൊപ്പമല്ല താമസിക്കുന്നത്. മാലയിട്ട് ചുമരിൽ തൂക്കിയ മകന്‍റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ പക്കലുള്ളു’. അതിനാലാണ് എന്‍ഒകെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് പറയുന്നത്. വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ ഭര്‍ത്താവിന്‍റെ വീട്ടില്‍ നില്‍ക്കുന്നതനുസരിച്ച് വേണം അക്കാര്യം തീരുമാനിക്കാനെന്നും രവി പ്രതാപ് സിങ്ങ് ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

smriti

സർക്കാർ നൽകുന്ന ധനസഹായവും ആനുകൂല്യങ്ങളും സംബന്ധിച്ച ചട്ടങ്ങളും ഭേദഗതി ചെയ്യണമെന്ന് അന്‍ഷുമന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. വീരമൃത്യു വരിക്കുന്ന സൈനികന്റെ ജീവിത പങ്കാളികള്‍ക്ക് പുറമെ മാതാപിതാക്കൾക്കും സർക്കാർ, സൈനിക ബഹുമതികളുടെ പകർപ്പുകൾ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മറ്റ് സൈനികരുടെ മാതാപിതാക്കള്‍ക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് അന്‍ഷുമന്‍റെ അമ്മ പറഞ്ഞു.

anshuman-singh-cremation

2023 ജൂലൈ 19 പുലര്‍ച്ചെ മൂന്നരയോടെ സിയാച്ചിനിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമൻ സിങ് വീരമൃത്യു വരിച്ചത്. ബങ്കറിനുള്ളില്‍ അകപ്പെട്ട ജവാന്‍മാരെ രക്ഷിക്കുന്നതിനിടെയാണ് അന്‍ഷുമാന്റെ ജീവന്‍ പൊലിഞ്ഞത്. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ അന്‍ഷുമന്‍ സിങ് സിയാച്ചിനില്‍ റെജിമെന്‍റല്‍ മെഡിക്കല്‍ ഓഫിസറായിരുന്നു. 2023 ജൂലൈ 22ന് ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ ഔദ്യോഗികബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി.

ENGLISH SUMMARY:

Why Anshuman Singh's parents want Indian Army's NoK policy revised? What is it?