air-india-recruitment-drive-1707

എയര്‍ ഇന്ത്യയുടെ റിക്രൂട്ട്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായി ഇന്നലെ മുംബൈ വിമാനത്താവളത്തിലേക്കെത്തിയത് പതിനായിരങ്ങള്‍. 2,216 ഒഴിവുകളിലേക്കായാണ് ഇരുപത്തിഅയ്യായിരത്തിലധികം അപേക്ഷകര്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്. വൻജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എയർ ഇന്ത്യ ജീവനക്കാരും പാടുപെട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങളും വൈറലാണ്. തിക്കും തിരക്കും മൂലമുണ്ടാകുന്ന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്‍റെ പശ്ചാത്തലത്തില്‍ വലിയ ദുരന്തമാണ് ഒഴിവായത് എന്നാണ് ആളുകള്‍ പറയുന്നത്.

എയർ ഇന്ത്യ ലോഡർ ഒഴിവുകളിലേക്ക് നടത്തിയ റിക്രൂട്മെന്റ് ഡ്രൈവിലാണ് സംഭവം. കൗണ്ടറുകളിലെത്താൻ അപേക്ഷകർ പരസ്‌പരം കലഹിക്കുന്നത് മുതല്‍ ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ആളുകളുടെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പല അപേക്ഷകര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

നൂറുകണക്കിന് കിലോമീറ്ററുകള്‍ യാത്രചെയ്താണ് പലരും ഇന്‍റര്‍വ്യൂവിനായി എത്തിയത്. ‘22,500 രൂപ ശമ്പളമാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്. വളരെയധികം തൊഴിലില്ലായ്മയാണുള്ളത്. ഞങ്ങള്‍ വേറെ എന്ത് ചെയ്യാനാണ്?’ എന്നാണ് ബുൽധാനയില്‍ നിന്നും 400 കിലോമീറ്ററിലധികം യാത്ര ചെയ്തെത്തിയ പ്രഥമേശ്വരും കൂട്ടരും ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്. 

വിമാനത്തിൽ ലഗേജുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുക, ലഗേജ് ബെൽറ്റുകൾ, റാംപ് ട്രാക്ടറുകൾ എന്നിവ പ്രവർത്തിപ്പിക്കുക എന്നിവയാണ് എയർപോർട്ട് ലോഡറുകളുടെ ജോലി. ഓരോ വിമാനത്തിനും ലഗേജ്, ചരക്ക്, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യാൻ കുറഞ്ഞത് അഞ്ച് ലോഡറുകൾ ആവശ്യമാണ്. പ്രതിമാസം 20,000 മുതൽ 25,000 വരെയാണ്  ശമ്പളം. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിൽ നടന്ന വാക്ക്-ഇൻ ഇന്‍റര്‍വ്യൂവിലെ തിക്കിന്‍റെയും തിരക്കിന്‍റെയും ദൃശ്യങ്ങള്‍ വൈറലായിരുന്നു. സ്വകാര്യ കമ്പനിയുടെ അഭിമുഖത്തിനായി ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ യുവാക്കളാണ് തിക്കിലും തിരക്കിലും പെട്ടത്. ഹോട്ടലിന് മുന്നിലുള്ള കൈവരി തകര്‍ന്ന് യുവാക്കള്‍ താഴെ വീഴുന്നതിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. പത്ത് ഒഴിവുകളിലേക്കായി1,800ഓളം പേരാണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

gujarath

ബറൂച്ചില്‍ നടന്ന വാക്ക്– ഇന്‍ ഇന്‍റര്‍വ്യൂവില്‍ അനുഭവപ്പെട്ട തിരക്ക്

ജൂലൈ ആദ്യവാരം ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം പേരും തിക്കിലും തിരക്കിലുംപെട്ട് മരിച്ചിരുന്നു. 110 സ്ത്രീകളടക്കം 121 പേരാണ് മരിച്ചത്. ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച ഭോലെ ബാബ എന്ന മതപ്രഭാഷകൻ നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.

ENGLISH SUMMARY:

More than 25,000 job seekers rushed to Mumbai Airport for Air India's recruitment drive, causes stampede-like situation.