മലപ്പുറത്ത് പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കേരള– തമിഴ്നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്. വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം മാത്രമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. പാലക്കാട് ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നീളുന്ന പരിശോധനയാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്നത്. 

അതേസമയം, 13 പേരുടെ നിപ പരിശോധന ഫലം ഇന്നു ലഭിക്കും. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലായി 350 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയാറാക്കിയത്. ആറു പേര്‍ നിപ ലക്ഷണങ്ങളോടെ ചികില്‍സയിലുണ്ടെന്നും മലപ്പുറത്ത് നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കാട്ടാമ്പഴങ്ങ കഴിച്ചതിലൂടെയാണ് 14കാരന് നിപ പിടിപെട്ടതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എത്തിയ ഐസിഎംആർ സംഘം കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടു.

ENGLISH SUMMARY:

Nipah: TN health department starts testing at check posts