north-india-rain-2

TOPICS COVERED

മഴക്കെടുതികളില്‍ വലഞ്ഞ് ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍. മണാലിയിലും പുണെയിലും സൂറത്തിലും മിന്നല്‍ പ്രളയം. മുംബൈയില്‍ റോഡ്–റയില്‍–വ്യോമ ഗതാഗതങ്ങളെ മഴ ബാധിച്ചു. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നല്‍ പ്രളയമുണ്ടായത്. പല്‍ച്ചാനില്‍ രണ്ടുവീടുകള്‍ ഒഴുകിപ്പോയി. പാലവും വൈദ്യുതി സ്റ്റേഷനും ഭാഗികമായി തകര്‍ന്നു. പലയിടത്തും വൈദ്യുതി മുടങ്ങി. ലേ– മണാലി ഹൈവേ അടച്ചു. വിനോദസഞ്ചാരികള്‍ കുടുങ്ങി. സോളന്‍ താഴ്‌വരയിലും പ്രളയം. രണ്ടുദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. 

ഉത്തരാഖണ്ഡില്‍ ബദരിനാഥ് ദേശീയപാതയില്‍ മണ്ണിടിച്ചില്‍. ജോഷിമഠ് പാഗല്‍നാലയ്ക്ക് സമീപം റോഡ് തകര്‍ന്നു. ചമോലി ജില്ലയില്‍ പലയിടത്തും വ്യാപക മണ്ണിടിച്ചില്‍. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഇന്നലെ തുടങ്ങിയ മഴയില്‍ വ്യാപക നാശനഷ്ടം. പുണെയില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പലയിടങ്ങളിലും പ്രളയം.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള പുണെയില്‍ മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. വൈദ്യുതാഘാതമേറ്റും വീട് തകര്‍ന്നുമാണ് മരണം. എന്‍ഡിആര്‍എഫിന്‍റെ മൂന്ന് സംഘത്തെ പുണയില്‍ വിന്യസിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി. മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വൈകുന്നു. 

റോ‍ഡുകളില്‍ വെള്ളം കയറിയതിനെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചു. ഗുജറാത്തിലും ഇന്നലെ മുതല്‍ കനത്ത മഴയാണ്. സൂറത്തിലടക്കം പലയിടത്തും പ്രളയ സമാന സാഹചര്യം. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ മാത്രം എട്ടുപേര്‍ മരിച്ചു. എന്‍ഡിആര്‍എഫിന്‍റെ പതിമൂന്ന് ടീമുകളെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും 21 ടീമുകളെയും വിന്യസിച്ചു. ഡല്‍ഹിയിലും ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്.

ENGLISH SUMMARY:

North India Rain, Part Of Himachal's Leh-Manali Road Closed After Cloudburst Triggers Flash Flood