ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ചെന്നായ ആക്രമണം തുടര്‍ക്കഥയാകുന്നു. വീടിന് പുറത്ത് ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിക്കാണ് ഞായറാഴ്ച രാത്രി ചെന്നായയുടെ ആക്രമണത്തില്‍ ജീവന്‍നഷ്ടപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് സ്ത്രീകള്‍ ചികില്‍സയിലാണ്. തേപ്ര ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച ഒന്‍പത് വയസുകാരന് നേരെയും ചെന്നായ ആക്രമണം ഉണ്ടായി.
ഒരാഴ്ച മുന്‍പാണ് ഗ്രാമത്തിലേക്ക് ചെന്നായകളെത്തിയതെന്നും പിടികൂടാന്‍ വനംവകുപ്പ് ഊര്‍ജിതമായി ശ്രമിക്കുകയാണെന്നും ബഹ്റൈച്ച് ജില്ലാകലക്ടര്‍ അറിയിച്ചു. രണ്ടുമാസത്തിനിടെ ഏഴ് കുട്ടികളും ഒരു സ്ത്രീയും ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് ചെന്നായകളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.
നാല് ചെന്നായകളെ ഇതിനകം പിടികൂടിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. ഇനി രണ്ട് ചെന്നായകളാണ് പിടിയിലാകാനുള്ളതെന്നും അവയ്ക്കായി വലവിരിച്ചു കഴിഞ്ഞെന്നും കലക്ടര്‍ അറിയിച്ചു. ജനങ്ങള്‍ കഴിവതും വീടുകള്‍ക്കുള്ളില്‍ തന്നെ കിടന്നുറങ്ങണമെന്നും രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നത് കൂട്ടമായി മാത്രം വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.