ഹരിയാനയില്‍ സര്‍ക്കാരിന് കീഴിലുള്ള തൂപ്പുകാരുടെ തസ്തികയിലേക്ക് ജോലിക്ക് അപേക്ഷിച്ചത് 46,000 ബിരുദധാരികൾ. പ്രതിമാസം 15,000 രൂപ ശമ്പളമുള്ള കരാര്‍ നിയമന തസ്തികകളിലേക്കാണ് അപേക്ഷകള്‍ എത്തിയിരിക്കുന്നത്. ആകെ എത്ര ഒഴിവുകള്‍ ഉണ്ടെന്നുപോലും പരസ്യപ്പെടുത്തിയിട്ടില്ല എന്നിരിക്കെയാണ് ഇത്രയും ബിരുദ- ബിരുദാനന്തരം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ അപേക്ഷകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹരിയാനയിലെ സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സിവിൽ ബോഡികൾ എന്നിവയിലെ ഓഫീസുകൾ വൃത്തിയാക്കുന്നതിനുള്ള തൂപ്പുകാരുടെ ജോലിയിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകരില്‍ 6,000-ത്തിലധികം ബിരുദാനന്തര ബിരുദധാരികളും ഏകദേശം 40,000 ബിരുദധാരികളും 12-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ള 1.2 ലക്ഷം ഉദ്യോഗാർത്ഥികളുമാണുള്ളത്. സംസ്ഥാന സർക്കാരിന്‍റെ ഔട്ട്‌സോഴ്‌സിങ് ഏജൻസിയായ ഹരിയാന കൗശൽ റോസ്‌ഗർ നിഗം ലിമിറ്റഡ് (എച്ച്‌കെആർഎൻ) മുഖേനയാണ് അപേക്ഷകള്‍ എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 6 നും സെപ്തംബർ 2 നും ഇടയില്‍ എത്തിയ അപേക്ഷകളുടെ കണക്കാണിത്.
സ്വകാര്യ സ്കൂളുകളിലോ കമ്പനികളിലോ പോലും പ്രതിമാസം 10,000 രൂപ മാത്രമേ ലഭിക്കൂ, ഇവിടെ സ്ഥിരമായ തൊഴിൽ എന്ന പ്രതീക്ഷയുണ്ടെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. തൂപ്പുകാരുടേത് മുഴുവൻ സമയ ജോലിയല്ല. പകൽ സമയത്ത് മറ്റ് ജോലികൾ തുടരാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. അതേസമയം, അപേക്ഷകളുടെ എണ്ണം പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഹരിയാന കോൺഗ്രസും രംഗത്തെത്തി. ഇതിനോടകം തന്നെ സുതാര്യതയില്ലായ്മ, തുച്ഛമായ പ്രതിഫലം, ജോലിസ്ഥലങ്ങളിലെ അരക്ഷിതാവസ്ഥ, ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഇല്ലാതിരിക്കുക എന്നിവയുടെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ് എച്ച്‌കെആർഎൻ.