രാത്രി നഗരം കാണാനിറങ്ങിയ പട്ടാളക്കാരെ ആക്രമിച്ച് ഒപ്പമുണ്ടായിരുന്ന പെണ്‍ സുഹൃത്തിന കൂട്ടബലാല്‍സംഗം ചെയ്ത് ആറംഗസംഘം. മധ്യപ്രദേശിലെ ജാം ഗേറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. അതിക്രമത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മറ്റു നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മധ്യപ്രദേശിലെ മഹോ കന്‍റോണ്‍മെന്‍റിലെ പട്ടാളക്കാരാണ് ആക്രമിക്കപ്പെട്ടതെന്ന് ഡിഐജി നിമേഷ് അഗര്‍വാള്‍ പറഞ്ഞു. വിജനമായ സ്ഥലത്ത് കാറിലിരിക്കവേയാണ് ആറംഗ സംഘം എത്തിയതെന്നും കവര്‍ച്ച നടത്തി കൂട്ടുകാരിയെ ബലാല്‍സംഗം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതകളിലൊരാളെയും പട്ടാളാക്കാരില്‍ ഒരാളെയും ബന്ദിയാക്കിയ സംഘം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൊണ്ടുവരാനായി സംഘം വിട്ടയച്ച പട്ടാളക്കാരന്‍ സ്ഥലത്ത് നിന്ന് മാറിയതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തേക്ക് പട്ടാളക്കാരെത്തിയത് കണ്ടതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു.
മുന്‍കൂട്ടി തീരുമാനിച്ച് എത്തിയവരല്ല അക്രമി സംഘമെന്നും യുവാക്കള്‍ വിജനമായ സ്ഥലത്ത് കാറില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ആക്രമിച്ചതാണെന്നും പൊലീസ് പറയുന്നു. അക്രമികളില്‍ ഒരാളുടെ കൈവശം തോക്കുണ്ടായിരുന്നു. വിവരം ലഭിച്ച് 10 മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ ഒരാള്‍ 2016 ല്‍ നടന്ന മോഷണക്കേസിലെ പ്രതിയാണ്.