മഹാരാഷ്ട്രയിലെ അംബർനാഥിൽ കെമിക്കല്‍ ഫാക്ടറിയില്‍ നിന്നുള്ള വാതക ചോര്‍ച്ച ഭീതി ഉയര്‍ത്തുന്നു. താനെ ജില്ലയിലെ മോറിവലി എംഐഡിസിയിലെ കെമിക്കൽ ഫാക്ടറിയിലാണ് വ്യാഴാഴ്ച രാത്രിയോടെ വാതക ചോർച്ചയുണ്ടായത്. രാത്രി 11.15ഓടെയാണ് സംഭവം. പിന്നാലെ മോറിവാലി എംഐഡിസിയിലെയും പരിസര പ്രദേശങ്ങളിലെയും താമസിക്കുന്നവര്‍ക്ക് കണ്ണില്‍ അസ്വസ്ഥതയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വാതകവും മഞ്ഞും ചേര്‍ന്ന് സമീപ പ്രദേശങ്ങളിലെ റോഡുകളിലെ കാഴ്ച മറയ്ക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാതകചോർച്ചയെത്തുടർന്ന് പ്രദേശമാകെ മൂടൽ മഞ്ഞ് വ്യാപിച്ചതിന് സമാനമായ അവസ്ഥയാണ്. റെയിൽവേ ട്രാക്കുകളിൽ പോലും വാതകം എത്തിയതായി സ്ഥലത്തു നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, വാതകച്ചോര്‍ച്ച ഇതുവരെ ആളുകളില്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതായോ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായോ റിപ്പോര്‍ട്ടുകളില്ല.
നിലവില്‍ അഗ്നിശമനാസേന സ്ഥലത്തെത്തിയിട്ടുണ്ട്. വാതക ചോർച്ച കുറഞ്ഞതായി അഗ്നിശമന സേനയുടെ ചീഫ് ഫയർ ഓഫീസർ ഭഗവത് സോനവാനെ അറിയിച്ചു. ചോർച്ചയുടെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി അധികൃതരും അറിയിച്ചു. ജനങ്ങളോട് കഴിവതും വീടിനുള്ളിൽ തന്നെ കഴിയാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.