സ്കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഒന്‍പതുവയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ലക്നൗവിലെ മോണ്‍ഫോര്‍ട്ട് സ്കൂളിലെ മൂന്നാംക്ലാസുകാരി മാന്‍വി സിങാണ് മരിച്ചത്. 

വെള്ളിയാഴ്ച സ്കൂളില്‍ വച്ച് കളിക്കുന്നതിനിടെ മൈതാനത്ത് കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ഫാത്തിമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും ചന്ദന്‍ ആശുപത്രിയിലേക്ക് വീട്ടുകാരിടപെട്ട് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെത്തിക്കുന്നതിലടക്കം വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കുട്ടി അസുഖബാധിതയായിരുന്നുവെന്നും വര്‍ഷങ്ങളായി ചികില്‍സയിലായിരുന്നുവെന്നും കുട്ടിയുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ കളിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണതും ഇതേത്തുടര്‍ന്നാകാമെന്നും ബന്ധുക്കള്‍ കരുതുന്നുവെന്നും കുടുംബം മരണത്തില്‍ ദുരൂഹത ആരോപിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

മാന്‍വി മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നുവെന്നും പെട്ടെന്നുള്ള നിര്യാണം വേദനാജനകമാണെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ആലിഗഞ്ചിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയും സ്കൂളില്‍ വച്ച് കുഴഞ്ഞുവീണ് മരിച്ചിരുന്നു. കെമിസ്ട്രി ക്ലാസിനിടെയായിരുന്നു കുട്ടി കുഴഞ്ഞു  വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ENGLISH SUMMARY:

A 9-year-old girl from Montfort Inter College passed away due to cardiac arrest while playing outside her classroom on Friday.