sindhudurg-shivaji-statue

സിന്ധുദുര്‍ഗിലെ തകര്‍ന്നുവീണ ശിവജി പ്രതിമ (ഫയല്‍ ചിത്രം)

TOPICS COVERED

സിന്ധുദുർഗിലെ രാജ്‌കോട്ട് കോട്ടയിൽ തകര്‍ന്നുവീണ ഛത്രപതി ശിവജിയുടെ പ്രതിമ പുനര്‍ നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര പൊതുമാരാമത്ത് വകുപ്പ്. ഇതിനായി ചൊവ്വാഴ്ച ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. തകര്‍ന്നുവീണ് 35 അടി വലിപ്പമുണ്ടായിരുന്ന പ്രതിമയ്ക്ക് പകരം അറുപതടി ഉയരമുള്ള പ്രതിമ ആറുമാസം കൊണ്ട് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രതിമയുടെ ഡിസൈനിങ്, നിര്‍മാണം, പ്രതിമ സ്ഥാപിക്കല്‍, പരിപാലനം എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നു. 100 വര്‍ഷത്തെ ‘ഗ്യാരണ്ടിയിലാണ് പ്രതിമ നിര്‍മിക്കുന്നത്. പത്ത് വര്‍ഷത്തേക്ക് കരാറുകാരന്‍ തന്നെ പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും വ്യവസ്ഥയുണ്ട്. മാതൃക തയ്യാറാക്കി ആര്‍ട്സ് ഡയറക്ടറേറ്റിന്‍റെ അംഗീകാരം നേടിയ ശേഷമായിരിക്കും നിര്‍മാണം ആരംഭിക്കുക. ഐഐടി ബോംബെയുടെ നേതൃത്വത്തിലാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് അനാച്ഛാദനം ചെയ്ത പ്രതിമയാണ് ഓഗസ്റ്റില്‍ നിലംപൊത്തിയത്. പ്രതിമയുടെ നട്ടും ബോള്‍ട്ടും തുരുമ്പെടുത്ത നിലയിലായിരുന്നെന്നും ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും സംഭവത്തില്‍ പൊതുമരാമത്ത് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് 20ന് പിഡബ്ല്യുഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പ്രതിമയുടെ അപകടാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാവിക ഉദ്യോഗസ്ഥര്‍ക്ക് കത്തയക്കുകയും ചെയ്തു. പിന്നാലെയാണ് പ്രതിമ തകര്‍ന്നത്. 

സംഭവത്തില്‍ ആർട്ടിസ്റ്റ് ജയദീപ് ആപ്‌തേയ്ക്കും സ്ട്രക്ചറൽ കൺസൾട്ടന്‍റ് ചേതൻ പാട്ടീലിനും എതിരെ പൊതുമരാമത്ത് വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു. വധശ്രമത്തിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമായിരുന്നു കേസ്. പ്രതിമ തകര്‍ന്നതിന്‍റെ കാരണം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാറും നാവികസേനയും ചേര്‍ന്ന് സംയുക്ത പാനല്‍ രൂപകരിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രതിമ സ്ഥാപിക്കാൻ രാജ്യത്തെ ഏറ്റവും മികച്ച ശിൽപികൾ, സിവിൽ എന്‍ജിനീയര്‍മാര്‍, നാവിക ഉദ്യോഗസ്ഥർ  മറ്റു വിദഗ്ധര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ നിയോഗിക്കാൻ ഷിൻഡെ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകിയിരുന്നു.

ENGLISH SUMMARY:

Maharashtra Public Works Department is preparing to rebuild the statue of Chhatrapati Shivaji that collapsed in the Rajkot fort of Sindhudurg. The plan is to replace the 35-foot tall statue with a new 60-foot tall statue, which will be constructed within six months.