Image: X

TOPICS COVERED

രാത്രികാലങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഫ്തിയില്‍ ബൈക്കില്‍ പരിശോധനയ്ക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ മദ്യവില്‍പ്പനക്കാരന്‍ കാറിടിപ്പിച്ച് കൊന്നു. ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളായ സന്ദീപ്(30) ആണ് പുലര്‍ച്ചെയോടെ കൊല്ലപ്പെട്ടത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് നാന്‍ഗ്​ലോയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അമിതവേഗത്തില്‍ അലക്ഷ്യമായി ഒരു വാഗണ്‍ ആര്‍ പാഞ്ഞുവരുന്നത് സന്ദീപ്  കണ്ടത്. ഇതോടെ വാഹനത്തിന്‍റെ സ്പീഡ് കുറയ്ക്കാനും നിര്‍ത്താനും ആവശ്യപ്പെട്ടു. ഇടത്തുവശത്തേക്ക് തിരിയുന്നതായി ബൈക്കില്‍ സിഗ്നലും നല്‍കി. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതില്‍ കുപിതനായ  ഡ്രൈവര്‍ അമിതവേഗതയില്‍ പിന്നില്‍ നിന്നും സന്ദീപ് സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പത്തുമീറ്ററോളം സന്ദീപിനെയും ബൈക്കിനെയും വലിച്ചിഴച്ചു. പിന്നാലെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് നിന്നു. 

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ഉടന്‍ തന്നെ സോണിയ ആശുപത്രിയിലും അവിടെ നിന്നും പശ്ചിംവിഹാറിലെ ബാലാജി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും  പുറത്തുവന്നു. വാഗണ്‍ ആര്‍ കാറിന്‍റെ ഡ്രൈവറോട് കോണ്‍സ്റ്റബിള്‍ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത് വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ വേഗത കൂട്ടിയ കാര്‍ഡ്രൈവര്‍ പൊലീസുകാരനെ ഇടിക്കുന്നതും അടുത്തള്ള ബൈക്ക് ഇടിച്ച് തെറിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. തുടര്‍ന്ന് ബൈക്കിനെയും സന്ദീപിനെെയും കൂടിയാണ് കാര്‍ വലിച്ച് നിരക്കി, മറ്റൊരു കാറിലിടിച്ച് നിന്നത്. 

അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ഭാരതീയ ന്യായ് സംഹിതയിലെ 103–ാം വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്നവരില്‍ രണ്ടുപേരും ഒളിവിലാണ്. ഇവര്‍ക്കായും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. 

ENGLISH SUMMARY:

Hit and Run case in delhi; police constable hit by liquor supplier's car, bodya dragged for 10 meteres.