കെട്ടിടത്തിന്റെ 27ാം നിലയില്‍ നിന്ന് താഴേക്ക് വീണ മൂന്ന് വയസുകാരി അദ്ഭുതകരമായി രക്ഷപെട്ടു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. 27ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ കുട്ടി 12ാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി സര്‍വോദയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഇടയിലാണ് അപകടം നടന്നത്. കുട്ടിയുടെ അമ്മ അടുക്കളയിലായിരുന്നു ഈ സമയം.
12ാം നിലയിലെ ബാല്‍ക്കണിയിലേക്ക് വീണ കുട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാല്‍ക്കണികള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ട് കെട്ടിടത്തിലെ താമസക്കാര്‍ പ്രതിഷേധിച്ചു. ഈ സംഭവത്തോടെ നോയിഡയിലെ ഉയര്‍ന്ന കെട്ടിടങ്ങളിലെ സുരക്ഷാ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയായി.
ഈ വര്‍ഷം മെയില്‍ ചെന്നൈയില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ് മറ്റൊരു ബാല്‍ക്കണിക്ക് മുകളിലായി കുടുങ്ങി കിടന്ന കുട്ടിയെ ഫ്ളാറ്റിലെ താമസക്കാരെല്ലാം ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നാലെ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു. കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണത് അമ്മയുടെ അശ്രദ്ധയെ തുടര്‍ന്നാണെന്ന സമൂഹമാധ്യമങ്ങളിലെ കുറ്റപ്പെടുത്തലുകളില്‍ മനംനൊന്താണ് അമ്മ ആത്മഹത്യ ചെയ്തത്.