തിരഞ്ഞെടുപ്പിന് മുന്‍പേ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പദ്ധതിയിട്ട് മഹാരാഷ്ട്രയിലെ ബിജെപി ക്യാംപ്. മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഭരണഘടനയെ തകര്‍ക്കുന്നവരെന്ന കോണ്‍ഗ്രസ് പ്രചാരണത്തെ പൊളിക്കാന്‍ ‘ഘര്‍ ഘര്‍ സംവിധാന്‍’ പരിപാടികള്‍ക്കും തുടക്കംകുറിച്ചു.
മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് കോണ്‍ഗ്രസും എന്‍സിപിയും പങ്കിടുന്ന പതിവ് ഫോര്‍മുല ഇക്കുറി ബിജെപി ഗൗരവമായി കാണുന്നുണ്ട്. വിജയിക്കാന്‍ ഒബിസി വോട്ടുകള്‍ മാത്രം പോര എന്ന് കണ്ടാണ് പുതിയ നീക്കം. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കണമെങ്കില്‍ നയം മാറണം. പദ്ധതികളും വേണം. ആറായിരം രൂപയുണ്ടായിരുന്ന മദ്രസ അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ ഒറ്റയടിക്ക് പതിനാറായിരം രൂപയാക്കി. മൗലാന ആസാദ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തന മൂലധനം അറുന്നൂറ് കോടിയില്‍ നിന്ന് ആയിരം കോടിയിലേക്ക് ഉയര്‍ത്തി
ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തി സ്കൂളുകളിലും കോളജുകളിലും പ്രഭാഷണ പരമ്പരകള്‍. ചുവരുകളില്‍ പോസ്റ്റര്‍ പ്രചാരണം. ഇതെല്ലാം ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 12 അംഗ സമിതി. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ കണ്ടിട്ടില്ലാത്ത ഈ മാറ്റത്തിന്‍റെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്. കോണ്‍ഗ്രസിന്‍റെ പ്രചാരണത്തെ അതേനാണയത്തില്‍ തിരിച്ചടിക്കുന്ന ബിജെപി–ശിവസേന തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്രകണ്ട് പ്രതിഫലിക്കുമെന്നത് കാത്തിരുന്ന് കാണണം.