നടുറോഡില്‍ അമിത വേഗതയില്‍ പോകുന്നതിനിടെ തീഗോളമായി മാറി കാര്‍. ജയ്പൂരിലെ അജ്മര്‍ റോഡിലാണ് സംഭവം. തീപിടിച്ച കാറില്‍ നിന്ന് ഡ്രൈവര്‍ ചാടി രക്ഷപെട്ടു. ഡ്രൈവറില്ലാതെ നീങ്ങിക്കൊണ്ടിരുന്ന കാര്‍ റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായി.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. കാറിന്റെ എയര്‍ കണ്ടീഷണിങ് യൂണിറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. തലനാരിഴയ്ക്കായിരുന്നു ഡ്രൈവര്‍ രക്ഷപെട്ടത്.
റോഡിലൂടെ ലക്ഷ്യമില്ലാതെ പാഞ്ഞ കാര്‍ ഒടുവില്‍ ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഡ്രൈവറില്ലാതെ നീങ്ങിക്കൊണ്ടിരുന്ന കാര്‍ വരുന്നത് കണ്ട് ബൈക്ക് യാത്രികരില്‍ പലരും തങ്ങളുടെ വണ്ടി ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം ലക്ഷ്യമാക്കി മാറി.