light-bolt-chennai

കനത്തമഴയാണ് ചെന്നൈ ഉള്‍പ്പടെ തമിഴ്നാട്ടിലെങ്ങും. ഇടിമിന്നല്‍ അകമ്പടിയായുണ്ട്. നിനച്ചിരിക്കാതെ എത്തിയ പെരുമഴയും ഇടിയും മിന്നലുമെല്ലാം സമൂഹ മാധ്യമങ്ങളിലും നിറയുകയാണ്. അത്തരത്തില്‍ സമൂഹമാധ്യമമായ എക്സില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് അമ്പരപ്പും ആശങ്കയും ഒരുപോലെ ജനിപ്പിക്കുന്നത്. 

ഇടിമിന്നലുണ്ടായ സമയത്ത് കടുത്ത പര്‍പ്പിള്‍ നിറത്തിലാണ് ആകാശം കാണപ്പെടുന്നത്. നോക്കെത്താ ദൂരത്തോളം ആകാശത്തിന്‍റെ മുകളില്‍ നിന്ന് താഴെ വരെ മിന്നല്‍പ്പിണര്‍ പ്രത്യക്ഷമാകുന്നതും കാണാം.ഇതിനൊപ്പമാണ് പ്രകാശമാനമായ  വീതിയേറിയ തൂണ്‍ പോലെ ഒന്ന് ആകാശത്ത് നിന്നിറങ്ങി വന്നത്.  വിഡിയോ കാണാന്‍ കൊള്ളാമെന്ന് ചിലര്‍ കുറിക്കുമ്പോള്‍ ഇത് ഇപ്പോഴത്തേത് തന്നെ ആണോ എന്ന സംശയമാണ് മറ്റൊരാള്‍ ഉയര്‍ത്തുന്നത്. ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ പ്രത്യക്ഷപ്പെട്ടതാണെന്ന് വിഡിയോ പങ്കുവച്ചയാള്‍ മറുപടി നല്‍കുന്നുമുണ്ട്. അതേസമയം, വിഡിയോ ഒറിജനല്‍ അല്ലെന്നും എഐ നിര്‍മിതമാണെന്നുമായിരുന്നു മറ്റു ചിലരുടെ കമന്‍റുകള്‍.

ഒക്ടോബര്‍ പന്ത്രണ്ടിനാരംഭിച്ച മഴ ഇന്ന് കൂടി അതിശക്തമായി തുടരുമെന്നാണ് ചെന്നൈയിലെ കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്. മധ്യ അറേബ്യന്‍ കടലില്‍ രൂപപ്പെട്ട പാത്തി മഹാരാഷ്ട്ര തീരത്ത് നിന്നും തെക്കന്‍ കേരള തീരത്തേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥ വകുപ്പ് വിശദീകരിക്കുന്നത്. 

അതേസമയം, ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു.  റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഇടിയോട് കൂടിയുള്ള   ശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ ലഭിക്കുന്നത്. ഇന്ന് ചെന്നൈ, ചെങ്കൽപ്പെട്ട് എന്നിവയടക്കം 17 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പൂന്ത മല്ലി ഹൈവേ, നൂങ്കപാക്കം, ആറുമ്പക്കം തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വടപളനി അടക്കമുള്ള സ്ഥലങ്ങളിൽ വൻ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെടുന്നത്. ‌

ഇതുവരെ ഉള്ള കണക്കുകൾ പ്രകാരം ഷോളിഗ നെല്ലൂരാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽ പ്പെട്ട്, കടലൂർജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. ഐടി ജീവനക്കാർക്ക് ഇന്ന് മുതൽ 18 വരെ വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും സര്ക്കാര്‍ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിൽ  നിർദേശിച്ചു. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വേളാച്ചേരി പാലത്തിൽ അടക്കം ആളുകൾ കാറുകൾ പാർക്ക് ചെയ്തു. ആശങ്ക വേണ്ടെന്നും സാഹചര്യം നിയന്ത്രണ വിധേയം സര്‍ക്കാര്‍ വൃത്തങ്ങള്‍  വ്യക്തമാക്കിയിട്ടുണ്ട്. മുൻകരുതൽ ആയി 300 ഓളം ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹെൽപ്പ് ലൈൻ അടക്കം സജീകരിചിട്ടുണ്ട്. TN alertt ആപ്പ് വഴിയും ആളുകൾക്ക് വിവരങ്ങൾ അറിയുകയും സഹായം തേടുകയും ചെയ്യാം.

Google News Logo Follow Us on Google News

ENGLISH SUMMARY:

Mysterious thunderstorm in Chennai sky. Heavy rain continues across Tamilnadu.