TOPICS COVERED

ഉത്തര്‍പ്രദേശ് ബഹ്റായ്ച്ചില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കലാപമുണ്ടായ പ്രദേശം കയ്യേറ്റം ആരോപിച്ച് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം.ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടിയ 5 പേരുടെ കുടുംബങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും മൂന്ന് ദിവസത്തിനകം ഒഴിയാനാവശ്യപ്പെട്ട് PWD നോട്ടീസ് നല്‍കി. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഭിന്നിപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ദുര്‍ഗാപൂജ ഘോഷയാത്രക്കിടെയാണ് മഹാരാജ് ഗഞ്ച് മേഖലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങി.

കലാപമുണ്ടായ പ്രദേശവും  ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടിയ 5 പ്രതികളുടെ വീടും കയ്യേറ്റ ഭൂമിയിലാണ് എന്നാണ് PWD പറയുന്നത്. മൂന്ന് ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ ജെസിബി ഉപയോഗിച്ച് നിര്‍മ്മാണങ്ങള്‍ തകര്‍ക്കുമെന്ന് നോട്ടിസില്‍ പറയുന്നു.

പലരും സാധ്യമായതെല്ലാം എടുത്ത് പ്രദേശം വിടാന്‍ ആരംഭിച്ചു. കലാപക്കേസില്‍ ഇതുവരെ 88 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസില്‍ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നാണ് പ്രദേശവാസികളും പ്രതിപക്ഷവും ആരോപിക്കുന്നത്.

9 നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഭിന്നപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും  കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് കുറ്റപ്പെടുത്തി.

ENGLISH SUMMARY:

Govt moves to vacate the riot area in Uttar Pradesh