മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് യാത്രക്കാര്‍ക്ക് പരുക്ക്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ബാന്ദ്ര–ഗോരഖ്പുര്‍ എക്സ്പ്രസില്‍ യാത്രക്കാര്‍ കയറാന്‍ ശ്രമിച്ചപ്പോളുണ്ടായ തിക്കുംതിരക്കുമാണ് അപകടകരമായ സാഹചര്യത്തിലേക്ക് വഴിവച്ചത്. പരുക്കേറ്റവരില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
മുംബൈ ബാന്ദ്ര ടെര്‍മിനസില്‍ നിന്നും രാവിലെ 5.10നായിരുന്നു ഗോരഖ്പൂരിലേക്കുള്ള ട്രെയിൻ നമ്പർ 22921 ഗോരഖ്പുര്‍ അന്ത്യോദയ എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. ട്രെയിന്‍ രാവിലെ 2.55ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുമ്പോളേക്കും കയറാനായി ധാരാളം യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടിയിരുന്നു. ജനറൽ കമ്പാർട്ട്‌മെന്‍റില്‍ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നുണ്ട്. റെയിൽവേ പൊലീസും യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ സ്‌ട്രെച്ചറുകളിൽ പുറത്തേക്ക് കൊണ്ടുപോകുന്നതും പലരുടേയും വസ്ത്രങ്ങളില്‍ രക്തം പറ്റിയതായും ദൃശ്യങ്ങളില്‍ കാണാം. ALSO READ: വന്ദേഭാരതിന്‍റെ ട്രാക്കിൽ കൂറ്റന്‍ യന്ത്രം; തലനാരിഴ രക്ഷ; ഒരാള്‍ കസ്റ്റഡിയില്‍...
ദീപാവലി സീസണ്‍ ആരംഭിക്കുന്നതിന്‍റെ തിരക്കാണ് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുഭവപ്പെടുന്നതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. നിലവില്‍ റെയില്‍വേ സ്റ്റേഷനിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരിക്കേറ്റവരെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബിഎംസി അറിയിച്ചു. ഒരു യാത്രക്കാരന്‍റെ നട്ടെല്ലിനും ഏതാനും യാത്രക്കാരുടെ കാലിന് പൊട്ടലും ഉണ്ടായിട്ടുണ്ട്. അതേസമയം, രണ്ടുപേര്‍ ആശുപത്രിയിൽ വിട്ടതായാണ് റിപ്പോര്‍ട്ട്.