TOPICS COVERED

ശസ്ത്രക്രിയക്കിടെ 23 സെന്റീമീറ്റര്‍ നീളമുള്ള പൈപ്പ് അടിവയറ്റില്‍ അവശേഷിച്ചതായി ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി യുവതി. നോയിഡ സെക്ടര്‍ 51ലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് യുവതി 2023ല്‍ നടത്തിയ ശസ്ത്രക്രിയയുടെ പേരില്‍ പരാതി നല്‍കിയിരിക്കുന്നത്. അടുത്തിടെ നടത്തിയ മറ്റൊരു ശസ്ത്രക്രിയക്കിടയിലാണ് 9 ഇഞ്ച് നീളമുള്ള ഈ പൈപ്പ് കണ്ടെത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. 

കിരണ്‍ നേഗി എന്ന യുവതിയാണ് സെക്ടര്‍ 49 പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഗര്‍ഭപാത്രത്തിലെ മുഴകള്‍ നീക്കം ചെയ്യുന്നതിനാണ് 2023ല്‍ ഇവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് ശേഷം തനിക്ക് കഠിനമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയതായി യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

സെക്ടര്‍ 19ലെ മറ്റൊരു ആശുപത്രിയില്‍ പിന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് 23 സെന്റീമീറ്റര്‍ നീളമുള്ള പൈപ്പ് ഡോക്ടര്‍മാര്‍ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് എന്ന് യുവതി ആരോപിക്കുന്നു. സംഭവത്തില്‍ യുവതി ആദ്യം ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് തേടി. എന്നാല്‍ ആശുപത്രി അധികൃതര്‍ പിഴവ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് നഷ്ടപരിഹാരം നേടിയെടുക്കാനാണ് യുവതിയുടെ ശ്രമം എന്നും ആരോപിക്കുന്നു.

ENGLISH SUMMARY:

The woman filed a police complaint alleging that a 23 cm long pipe was left in her abdomen during the surgery. The woman filed a complaint against the private hospital in Noida Sector 51 for the surgery performed in 2023.