TOPICS COVERED

ഹൈദരാബാദില്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദിലെ കുക്കട്ട്പള്ളി ഹൗസിങ് ബോർഡ് കോളനിയിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. 31 കാരനായ വിഷ്ണുവർധനാണ് മരിച്ചത്. യുവാവ് കുഴ‍ഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

സത്യസായി ജില്ലയിലെ കാദിരി സ്വദേശിയായ വിഷ്ണുവർധൻ ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായ ഇയാള്‍ തിങ്കളാഴ്ച രാവിലെ 8:30 ഓടെയാണ് തിരക്കേറിയ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലൂടെ നടക്കുന്ന യുവാവ് പെട്ടെന്ന് തൂണുകള്‍ ഒന്നില്‍ പിടിച്ചു നില്‍ക്കുന്നതും കുഴഞ്ഞുവീഴുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ സിപിആര്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഭക്തര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് എമർജൻസി മെഡിക്കൽ സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വിഷ്ണുവർധൻ മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.

അടുത്തിടെ കെപിഎച്ച്ബി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രഗതി നഗറില്‍ വസ്ത്രം വാങ്ങുന്നതിനിടെ 37 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഉടൻ തന്നെ ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏപ്രിലിൽ 20 കാരനായ എന്‍ജിനീയറിങ് വിദ്യാർത്ഥിയും ഹൈദരാബാദിൽ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു.

ENGLISH SUMMARY:

A young man collapsed and died while praying in a temple in Hyderabad. The incident took place at the Anjaneya Swamy Temple in the Kukatpally Housing Board Colony, Hyderabad. The deceased is identified as 31-year-old Vishnuvardhan. The CCTV cameras in the temple captured footage of the young man collapsing.