ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഇരുപത്തിയാറുകാരന് ഗുരുതര പരുക്ക്. ഖലീൽപൂർ സ്വദേശി ആദിത്യ ശങ്കർ ഗംഗ്വാറിനാണ് പരുക്കേറ്റത്. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ യുവാവിന്‍റെ മുഖം കടിച്ചുകീറുകയായിരുന്നു. ഇയാളുടെ ചുണ്ടുകളും മുഖത്തിന്‍റെ ഒരു ഭാഗവും നായ കടിച്ചുകീറി. യുവാവിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും തിങ്കളാഴ്ച രാത്രിയോടെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
യുവാവിന്‍റെ വളര്‍ത്തുനായയെ പിന്നീട് മുനിസിപ്പൽ കോർപ്പറേഷൻ സംഘമാണ് പിടികൂടിയത്. മറ്റാരെയും ആക്രമിക്കാതിരിക്കാൻ നിലവിൽ നായയെ ആനിമൽ ബർത്ത് സെന്‍ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. നായ ഇപ്പോള്‍ ശാന്തനാളെങ്കിലും ഇതിന് ഭക്ഷണവും വെള്ളവും നല്‍കാന്‍ സമീപിക്കാന്‍പോലും തൊഴിലാളികൾ ഭയപ്പെടുന്നുണ്ട്.
ലോകത്ത് ഏറ്റവും അക്രമകാരികളായ നായ വിഭാഗമാണ് പിറ്റ്ബുൾ. സാധാരണ നായകളെക്കാൾ വലുപ്പമേറിയ ശരീരമാണ് ഇവയ്ക്ക്. അക്രമസ്വഭാവമുള്ളതിനാൽ പല രാജ്യങ്ങളിലും പിറ്റ്ബുളിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ആക്രമണകാരികളായ നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ, അക്രമവാസന കൂടുതലുള്ള ചില നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ നിരോധിക്കണമെന്ന് സംസ്ഥാനത്തോട് നേരത്തെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം.