ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച അധ്യാപികയുടെ കസേരക്കടിയില്‍ പടക്കം വെച്ച് പൊട്ടിച്ച് വിദ്യാര്‍ഥികള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ് അധ്യാപികയോട് പ്രതികാരം ചെയ്യാന്‍ ഈ വഴി തിരഞ്ഞെടുത്തത്. സംഭവത്തില്‍ 13 വിദ്യാര്‍ഥികളെ വിദ്യാഭ്യാസ വകുപ്പ് ഒരാഴ്ച്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
സയന്‍സ് അധ്യാപിക ക്ലാസിലെത്തി കസേരയില്‍ ഇരുന്ന സമയം റിമോട്ട് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പടക്ക ബോംബ് പൊട്ടിക്കുകയായിരുന്നു. ഗുരുതര പരുക്കേല്‍ക്കാതെ അധ്യാപിക രക്ഷപെട്ടു. സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എത്തി അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
യുട്യൂബ് വഴിയാണ് വിദ്യാര്‍ഥികള്‍ പടക്കം ഉപയോഗിച്ച് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത്. അധ്യാപികയ്ക്ക് എതിരെ പ്രാങ്ക് ആയിരുന്നു തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് വിദ്യാര്‍ഥികളുടെ വിശദീകരണം. അധ്യാപികയ്ക്ക് പരുക്കേല്‍ക്കുമെന്ന് കരുതിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ ഈ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കണം എന്ന് അധ്യാപകര്‍ ആവശ്യപ്പെടുന്നു. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് യോഗം ചേരുകയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും കയ്യില്‍ നിന്ന് ക്ഷമാപണം എഴുതി വാങ്ങുകയും ചെയ്തു.