ഡോക്ടറും രോഗിയും കളിക്കിടെ 'മരുന്നായി' നല്‍കിയ കീടനാശിനി കുടിച്ച നാല് കുട്ടികള്‍ ആശുപത്രിയില്‍. രാജസ്ഥാനിലെ ഖജൂറി ഗ്രാമത്തിലാണ് കുട്ടികളുടെ കളി ജീവന്‍ അപകടത്തിലാക്കിയത്. പരുത്തിച്ചെടികള്‍ക്കടിക്കുന്ന കീടനാശിനിയാണ് കൂട്ടത്തിലെ ഡോക്ടറായ കുട്ടി മറ്റുള്ളവര്‍ക്ക് നല്‍കിയത്.
സഞ്ജ(3), മനിഷ(2) റാണു(3) മായ(5) എന്നീ പെണ്‍കുട്ടികളാണ് കീടനാശിനി കുടിച്ചതിന് പിന്നാലെ ഛര്‍ദിക്കാന്‍ തുടങ്ങിയത്. അപകടം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ഉടന്‍ തന്നെ ദാന്‍പുറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികില്‍സയ്ക്ക് പിന്നാലെ കുട്ടികളെ ബന്‍വാരയിലെ മഹാത്മഗാന്ധി ആശുപത്രിയിലേക്കും മാറ്റി.
കുട്ടികള്‍ നാലുപേരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അയല്‍വാസികളാണ് കുട്ടികളെല്ലാവരും. അപകടമാണെന്നറിയാതെയാണ് 'രോഗികള്‍ക്ക്' താന്‍ സിറപ്പ് പോലെയുള്ള 'മരുന്ന്' നല്‍കിയതെന്നായിരുന്നു 'ഡോക്ടറായ' പത്തുവയസുകാരന്‍റെ മൊഴി. കീടനാശിനിയാണെന്നറിയാതെയാവാം കുട്ടികള്‍ ഇത് കുടിച്ചതെന്ന് വീട്ടുകാരും പറയുന്നു. കളിക്കിടെയുണ്ടായ അബദ്ധമാണെന്നും ആസൂത്രിതമായ നടപടിയല്ലെന്നും ദുരൂഹതകളില്ലെന്നും പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ബന്‍വാര ഡിഎസ്എപി ഗോപിചന്ദ് മീണയും അറിയിച്ചു.