vande-bharat--express

TOPICS COVERED

വന്ദേഭാരത് എക്സ്പ്രസിലെ ഗാര്‍ഡിന്‍റെ ഒരു നിമിഷത്തെ അശ്രദ്ധ യാത്രക്കാരെ കുഴപ്പിച്ചു. ശനിയാഴ്ച രാത്രി ചെന്നൈ– തിരുനെല്‍വേലി വന്ദേഭാരത് എക്സ്പ്രസ് ഡിണ്ടിഗല്‍ സ്റ്റേഷനിലെത്തിയെങ്കിലും ഡി4, ഡി5, ഡി6 എന്നീ മൂന്ന് കോച്ചുകളിലെ യാത്രക്കാർക്ക് ഇറങ്ങാനായില്ല. ഈ കോച്ചുകളിലായി 15 പേരാണ് ഇറങ്ങാനുണ്ടായത്. വന്ദേഭാരതില്‍ തുടക്കകാരനായ ഗാര്‍ഡിന്‍റെ അശ്രദ്ധയാണ് 15 പേരെ ട്രെയിനില്‍ തന്നെ ഇരുത്തിയത്. 

വന്ദേഭാരതിലെ ഓട്ടോമേറ്റിക്ക് ഡോര്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത് ട്രെയിനിലെ ഗാര്‍ഡുമാരാണ്. വണ്ടി ഡിണ്ടിഗല്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ എല്ലാ കോച്ചുകളുടെയും വാതില്‍ തുറക്കാന്‍ ട്രെയിന്‍ ഗാര്‍ഡ് മറന്നുപോയതാണ് കാരണം. വന്ദേഭാരതില്‍ ആദ്യമായി ഡ്യൂട്ടിക്കെത്തിയ ഗാര്‍ഡായിരുന്നു ജോലിക്കുണ്ടായിരുന്നത്. ട്രെയിനിയായ ഇദ്ദേഹം ട്രിച്ചിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ഡിണ്ടിഗലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വാതിൽ തുറക്കുന്ന ബട്ടൺ അമർത്താൻ മറന്നതാണ് പ്രശ്നമായത്. 

മൂന്ന് കോച്ചുകളിലെ ഡോര്‍ ജാമായെന്നാണ് ആദ്യം കരുതിയിരുന്നത്. മറ്റു കോച്ചുകളിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ ഓരോ കോച്ചിലെയും മാനുവൽ ബട്ടണുകൾ ഉപയോഗിച്ച് ഡോര്‍ തുറക്കുകയായിരുന്നു. ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി തൊട്ടടുത്ത സ്റ്റേഷനായ കോടൈ റോഡില്‍ ട്രെയിന്‍ നിര്‍ത്തി. 

വന്ദേഭാരത് എക്സ്പ്രസിലെ അലാറം ഉപയോഗിച്ച് യാത്രക്കാർ റെയിൽവേ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ഇതേത്തുടർന്നാണ് കോടൈ റോഡില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ തൂത്തുകുടി– മൈസുരു എക്സ്പ്രസില്‍ ഡിണ്ടിഗലില്‍ എത്തിച്ചു.

തമിഴ്നാട്ടില്‍ സര്‍വീസ് നടത്തുന്ന എട്ട് വന്ദേഭാരത് എക്സ്പ്രസുകളിലൊന്നാണ് ചെന്നൈ– തിരുനെല്‍വേലി വന്ദേഭാരത്. ചെന്നൈ, വില്ലുപുരം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുരൈ, വിരുദുനഗർ, തിരുനെൽവേലി നഗരങ്ങളിലൂടെയാണ് വണ്ടി സര്‍വീസ് നടത്തുന്നത്. നെല്ലൈ എക്സ്പ്രസ് എന്നറിയപ്പെടുന്ന വണ്ടി 5 മണിക്കൂര്‍ 50 മിനുറ്റ് കൊണ്ടാണ് 495 കിലോ മീറ്റര്‍ പിന്നിടുന്നത്.

ENGLISH SUMMARY:

Vande Bharat express passengers stranded inside as guard forgets to open doors.