സിഗ്നൽ പാളിച്ചയെ തുടർന്ന് യാത്ര ദുരിതത്തിലായി മുംബൈ– ഗോവ വന്ദേഭാരത്. മുംബൈയിലെ ചക്രപതി ശിവജി മഹാരാജ ടെർമിനലിൽ (സിഎസ്‍എംടി) നിന്നും മഡ്ഗാവിലേക്കുള്ള വന്ദേഭാരതാണ് 22 കിലോ മീറ്റർ തെറ്റായ ദിശയിലേക്ക് സഞ്ചരിച്ചത്. ശേഷം ശരിയായ ട്രാക്കിലേക്ക് എത്താൻ 11 കിലോമീറ്ററോളം റിവേഴ്സും വന്നു. ഇതോടെ വണ്ടി ഒന്നര മണിക്കൂറോളം വൈകി. തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്നുള്ള സർവീസ് ആരംഭിച്ച ഉടനെയാണ് സംഭവം.
പുലർച്ചെ 5.25 നാണ് സിഎസ്‍എംടി സ്റ്റേഷനിൽ നിന്നും മഡ്ഗാവിലേക്കുള്ള വന്ദേഭാരത് സർവീസ് ആരംഭിച്ചത്. 6.10 ന് വണ്ടി ധിവാ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിഗ്നൽ തകാറുണ്ടായത്. വന്ദേ ഭാരത് എക്സ്പ്രസുണ്ടായിരുന്ന മൂന്നാം ലൈനിൽ നിന്നും അഞ്ചാം ലൈനിലേക്ക് മാറാൻ വണ്ടിക്ക് സാധിച്ചില്ല. മുംബൈയിൽ നിന്നും കൊങ്കണിലേക്കുള്ള ട്രെയിനുകൾ പൻവേൽ സ്റ്റേഷനിലേക്ക് പോകുന്ന ലൈനാണിത്.
35 മിനിറ്റ് കാത്തിരുന്ന ശേഷം ട്രെയിന് കല്യാൺ റൂട്ടിലേക്ക് പോകാൻ അനുവാദം നൽകുകയായിരുന്നു. അധിക വൈകൽ ഒഴിവാക്കാനായിരുന്നു ഈ തീരുമാനമെന്നാണ് റെയിൽവെ നൽകുന്ന വിശദീകരണം. കല്യാണിലെത്തിയ വണ്ടി റിവേഴ്സ് വന്ന് പനവേലിലേക്കുള്ള ലൂപ്പ് ലൈനിലേക്ക് എത്തുകയായിരുന്നു. രണ്ടു വശത്തും എൻജിനുള്ളതിനാൽ വന്ദേഭാരതിന് റിവേഴ്സൽ എളുപ്പമായിരുന്നു. നഷ്ടപ്പെട്ട ഓരോ മിനിറ്റും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്രെയിൻ കല്യാണിലേക്ക് തിരിച്ചുവിട്ടതെന്ന് റെയിൽവെ വ്യക്തമാക്കി.
സാധാരണ ഗതിയിൽ മുംബൈ- ഗോവ റൂട്ടിൽ 7 മണിക്കൂറും 45 മിനിട്ടും എടുത്താണ് വന്ദേഭാരത് യാത്ര പൂർത്തിയാക്കുന്നത്. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ്. ഈ സംഭവ വികാസങ്ങൾക്ക് ശേഷം ഒന്നര മണിക്കൂർ വൈകിയാണ് വന്ദേഭാരത് എക്സ്പ്രസ് മഡ്ഗാവിലെത്തിയത്. അതേസമയം, ഗോവയിലേക്ക് പോയ വന്ദേഭാരത് കല്യാണിലെത്തിയ എന്ന തരത്തിലുള്ള പോസ്റ്ററിനൊപ്പം സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്സിൽ കുറിപ്പിട്ടു.
ബിജെപി ഇരട്ട എൻജിൻ സർക്കാറല്ലെന്നും ഇരട്ട മണ്ടത്തരങ്ങളുടെ സർക്കാറാമെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബിജെപി രാജ്യത്തെ തെറ്റായ ട്രാക്കിലാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് വിശദീകരിച്ച് സെൻട്രൽ റെയിൽവെയുടെ മുംബൈ ഡിവിഷൻ എക്സിൽ തന്നെ വിശദീകരണവും നൽകി.