അഞ്ചുപേരെ ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ച പുലിയെ പിടിക്കാന്‍ കൊതുകുവലയുമായി പാടത്തേക്ക് ഇറങ്ങി ബിജെപി നേതാവ്. ഉദ്യോഗസ്ഥര്‍ പുലിയെ പിടിക്കാന്‍ തയ്യാറാവാത്തതിനാലാണ് താന്‍ നേരിട്ടിറങ്ങുന്നതെന്നായിരുന്നു മധ്യപ്രദേശിലെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ശ്യാംലാല്‍ ദ്വിവേദിയുടെ പ്രതികരണം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വ്യാപകമായി ട്രോളുകളും പുറത്തിറങ്ങി.
റെവ ഗ്രാമത്തിലൂടെ ഒരു സംഘം ആളുകള്‍ക്കൊപ്പം കൊതുകുവലയും വിരിച്ച് പിടിച്ച് നടന്ന് നീങ്ങുന്ന ശ്യാംലാലിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്ളത്. പുലിയെ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞ സ്ഥലത്തേക്ക് കൂട്ടത്തോടെ പോകുമ്പോള്‍ ഒരു വടിപോലും കയ്യില്‍ ഇല്ലാതെ നിരായുധരായാണ് പോക്ക്. പുലിയെ തിരഞ്ഞ് പോയെങ്കിലും നിരാശനായി മടങ്ങാനായിരുന്നു ശ്യാംലാലിന്‍റെയും സംഘത്തിന്‍റെയും വിധി. ജനങ്ങള്‍ പേടിച്ചിട്ട് വീടിന്‍റെ പുറത്തേക്ക് പോലും ഇറങ്ങുന്നില്ലെന്നും ആവശ്യമെങ്കില്‍ സ്ഥലത്ത് കൂടാരം കെട്ടി താമസിച്ച് പുലിയെ പിടികൂടാന്‍ താന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്താണ് നേതാവ് മടങ്ങിയത്.
പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരാള്‍ യുപി സ്വദേശിയാണ്. ആളുകള്‍ക്ക് പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയും പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം പുലിക്കെണി സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നും രക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ജില്ലാഭരണകൂടം വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.