ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ അതിസാഹസികമായി അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തി യുവാവ്. സൈനികരുടെ കണ്ണ് വെട്ടിച്ച് അതിര്‍ത്തി കടന്ന് എത്തി വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് യുവാവ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ബാദല്‍ ബാബുവാണ് അനധികൃതമായി അതിര്‍ത്തി കടന്നെത്തി ജയിലിലായത്.
ലഹോറില്‍ നിന്നും 240 കിലോമീറ്ററകലെയുള്ള മന്‍ഡി ബഹാദ്ദുദ്ദിന്‍ ജില്ലയില്‍ നിന്നാണ് മുപ്പതുകാരന്‍ അറസ്റ്റിലായത്. പിടിയിലായതിന് പിന്നാലെ ബാബുവിന്റെ ഫെയ്സ്ബുക്ക് സുഹൃത്തായ സന റാണി (21)യുമായി പൊലീസ് ബന്ധപ്പെട്ടു. ബാബുവിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. രണ്ടര വര്‍ഷമായി ബാബുവുമായി സൗഹൃദത്തിലാണെന്നും പക്ഷേ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും സന വ്യക്തമാക്കിയെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിച്ചു.
പാക്കിസ്ഥാനിലെ മൗങ് ഗ്രാമത്തിലാണ് സനയുടെ വീട്. സനയെ കണ്ടെത്തിയോ എന്ന് ചോദിച്ചതിന് കൃത്യമായ ഉത്തരം ബാബു പൊലീസിന് നല്‍കിയിട്ടില്ല. കുടുംബത്തിന്‍റെ സമ്മര്‍ദത്തെ തുടര്‍ന്നാണോ വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചതെന്നതിലും വ്യക്തതയില്ല. സനയ്ക്ക് പുറമെ സനയുടെ കുടുംബത്തെയും പൊലീസ് ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
പിടിക്കപ്പെട്ടതോടെയാണ് ബാബു പ്രേമക്കഥ പൊലീസിനോട് വെളിപ്പെടുത്തിയത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചുവെന്ന കുറ്റം ചുമത്തിയാണ് നിലവില്‍ ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയതോടെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതാദ്യമായല്ല, പ്രണയിനിയെ കാണാന്‍ അതിര്‍ത്തി കടന്ന് സാഹസികമായി ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും ആളുകള്‍ കടക്കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ജുവെന്ന ഇന്ത്യക്കാരി കാമുകനെ കാണാന്‍ പാക്കിസ്ഥാനിലെത്തുകയും ഇസ്ലാം മതം സ്വീകരിച്ച് നസ്റുള്ളയെന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നാലെ പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ വിവാഹം കഴിക്കുന്നതിനായി സീമ ഹൈദരെന്ന യുവതി നാലു മക്കളുമായി നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി.