ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചയാള്‍ക്ക് ജീവന്‍ തിരിച്ചു നല്‍കി റോഡിലെ സ്പീഡ്ബ്രേക്കര്‍! മഹാരാഷ്ട്രയിലെ കോലാപ്പുരിലാണ് സംഭവം. 65കാരനായ പാണ്ടുരംഗ് ഉല്‍പെയാണ് അതിശയകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഡിസംബര്‍ 16ന് നടന്ന സംഭവം 'മരിച്ചയാള്‍' ജീവന്‍ വച്ച് വീട്ടിലെത്തിയപ്പോഴാണ് പുറംലോകം അറിയുന്നത്.
കോലാപ്പുരിലെ കസബ സ്വദേശിയായ ഉല്‍പെയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍മാര്‍ ഉല്‍പെയ്ക്ക് ജീവന്‍ നഷ്ടമായെന്നും സ്ഥിരീകരിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലേക്ക് 'മൃതദേഹം' അയച്ചു. മടക്കയാത്രയില്‍ ആംബുലന്‍സ് റോഡില്‍ സ്ഥാപിച്ചിരുന്ന സ്പീഡ് ബ്രേക്കറിന് മുകളിലൂടെ കയറിയിറങ്ങി. ആംബുലന്‍സ് നന്നായൊന്ന് ഉലഞ്ഞതിന് പിന്നാലെ ഉല്‍പെയുടെ വിരലുകള്‍ ചലിക്കുന്നത് പോലെ ഭാര്യയ്ക്കും ബന്ധുവിനും തോന്നി. തുടര്‍ന്ന് ആംബുലന്‍സ് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ വിദഗ്ധ ചികില്‍സ നല്‍കി. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനായ ഉല്‍പെ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
ഉല്‍പെയ്ക്ക് ജീവന്‍ വച്ച വിവരമറിഞ്ഞ് ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നവരെല്ലാം ആശുപത്രിയിലേക്ക് എത്തിയെന്നും പണിപ്പെട്ടാണ് എല്ലാവരെയും മടക്കി അയച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ കുറിച്ച് ഉല്‍പെ പറയുന്നതിങ്ങനെ..'പതിവ് നടത്തത്തിന് ശേഷം വീട്ടിലെത്തി ചായ കുടിച്ചിരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഭയങ്കര ക്ഷീണം തോന്നി പിന്നാലെ ശ്വാസം നിലച്ച് പോകുന്നതായും അനുഭവപ്പെട്ടു. ഓടി ശുചിമുറിയില്‍ പോയതും ഛര്‍ദിച്ചു. പിന്നീടെന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ല. ആരാണ് ആശുപത്രിയിലെത്തിച്ചതോന്നോ ഒന്നും അറിയില്ലെന്നും ഉല്‍പെ പറയുന്നു. അതേസമയം, ജീവനുള്ള ആളെ മരിച്ചെന്ന് സ്ഥിരീകരിച്ച് അയച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരേയ്ക്കും പ്രതികരിച്ചിട്ടില്ല.