ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാന്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വള്ളം മറിഞ്ഞ്14കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ഉമര്‍ എന്ന ബാലനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആറ് സുഹൃത്തുക്കളെയും നാട്ടുകാര്‍ രക്ഷപെടുത്തി. പുതുവര്‍ഷത്തില്‍ പങ്കുവയ്ക്കാനുള്ള റീല്‍സെടുക്കുന്നതിനിടെയാണ് വള്ളം മറിഞ്ഞത്.
ഗംഗാഘാട്ട് കോട്വാലിയിലെ രതിറാം പൂര്‍വയെന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഗംഗാനദിയുടെ കൈവഴിയായ പുഴയിലൂടെ വള്ളത്തിലെ യാത്ര ആസ്വദിക്കുകയായിരുന്നു സംഘം. സെല്‍ഫികളെടുത്തതിന് പിന്നാലെ റീല്‍സ് ചിത്രീകരണം തുടങ്ങി. ഇതോടെ വള്ളത്തില്‍ ഭാരം ഒരുവശത്തേക്കായിപ്പോയി. നില തെറ്റിയതോടെ വള്ളം മറിയുകയും ഏഴ് കുട്ടികളും വെള്ളത്തില്‍ വീഴുകയുമായിരുന്നു.
അമന്‍ (15), രാജ (16), റിപു (14), അന്‍ഷു(15), കെഷാന്‍ (17), മനിഷ് (14) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. വിഡിയോ ചിത്രീകരിക്കുന്നതിനായി കൂട്ടത്തിലൊരാള്‍ എഴുന്നേറ്റ് നിന്നു. ഇതോടെ മറ്റുള്ളവരും എഴുന്നേറ്റു. പിന്നാലെയാണ് വള്ളം മറിഞ്ഞത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മറ്റുള്ളവരെയെല്ലാം രക്ഷിച്ചെങ്കിലും ഉമര്‍ ചുഴിയില്‍പ്പെട്ടുപോവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഉമറിന്‍റെ മൃതദേഹം കണ്ടെത്തിയത്.