അസമിലെ ദിമാ ഹാസോ ജില്ലയില്‍ ഒന്‍പത് തൊഴിലാളികള്‍ അനധികൃത കല്‍ക്കനി ഖനിയില്‍ കുടുങ്ങി. റാറ്റ് മൈനിങിനിടെ (എലിമാള ഖനി)യാണ് അപകടം. 300 അടിയോളം താഴ്ചയുള്ള ഖനിയില്‍ 100 അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ടെന്നാണ് നിഗമനം. മേഘാലയയുടെ അതിര്‍ത്തിയിലുള്ള ഉമ്റാങ്സോയിലാണ് ഖനിയുള്ളത്. അതീവ ദുഷ്കരമാണ് രക്ഷാപ്രവര്‍ത്തനം.
സൈന്യത്തിന്‍റെയും സംസ്ഥാന ദുരന്തനിവാരണ സംഘത്തിന്‍റെയും എന്‍ഡിആര്‍എഫിന്‍റെയും വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പ്രാദേശിക സംഘങ്ങളോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടവിവരം പുറത്തുവന്നതിന് പിന്നാലെ അസം മുഖ്യമന്ത്രി സൈന്യത്തിന്‍റെ സഹായം തേടുകയായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് അപകടസ്ഥലത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ എത്രയും വേഗം രക്ഷിക്കാനാകുമെന്നും സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു.
2018 ഡിസംബറില്‍ സമാനമായ സംഭവം മേഘാലയയില്‍ ഉണ്ടായിരുന്നു. കിഴക്കന്‍ ജയന്തിയ കുന്നുകളിലെ അനധികൃത ഖനിയില്‍ അന്ന് 15 തൊഴിലാളികളാണ് കുടുങ്ങിയത്. ഖനിയില്‍ വെള്ളം നിറഞ്ഞതോടെയാണ് അന്നും അപകടമുണ്ടായത്. 2021 ല്‍ ഡൈനാമിറ്റ് പൊട്ടിത്തെറിയെ തുടര്‍ന്ന് ഖനിയില്‍ വെള്ളം നിറഞ്ഞതോടെ അഞ്ച് തൊഴിലാളികളും കുടുങ്ങിയിരുന്നു. ഇവരെ സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു.
എന്താണ് റാറ്റ് മൈനിങ് /എലിമാള ഖനനം?
എലികള്‍ മാളമുണ്ടാക്കുന്നത് പോലെ, ചെറിയ കോടാലി ഉപയോഗിച്ച് മല തുരന്ന് ഖനനം നടത്തുന്നതിനെയാണ് എലിമാള ഖനനമെന്ന് പറയുന്നത്. പരമാവധി നാലടി മാത്രമാണ് ഇത്തരം ഖനികളുടെ വീതി. മലയുടെ വശങ്ങളില്‍ നിന്നും എലിമാളത്തിന് സമാനമായ കുഴികള്‍ നിര്‍മിക്കും. ശേഷം ചെറിയ ഡ്രില്ലിങ് മെഷീന്‍ കൊണ്ട് തുരന്ന് ഉള്ളിലുള്ള അവശിഷ്ടങ്ങള്‍ പുറത്തെടുത്തതിന് പിന്നാലെ കയറുകളോ, കയറിന്‍റെ ഏണിയോ ഇറക്കി കല്‍ക്കരിത്തടത്തിലെത്തുകയും അവിടെ നിന്നും കല്‍ക്കരി ശേഖരിക്കുകയുമാണ് ചെയ്യുന്നത്. അപകടസാധ്യതയേറെയുള്ള ഖനനരീതിയാണിത്. കുടുങ്ങിയാല്‍ ജീവനോടെയോ അല്ലാതെയോ പുറത്തെടുക്കുക അതീവ ദുഷ്കരമാണ്. എലിമാള ഖനികള്‍ നിരോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് 2019ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയ്ക്ക് 100 കോടി രൂപ പിഴ വിധിച്ചിരുന്നുവെങ്കിലും ഖനനം നിര്‍ബാധം തുടരുകയാണ്.