ക്ലാസില്‍ വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൈസൂരുവിന് സമീപം ചാമരാജനഗര്‍ ജില്ലയിലെ സെന്‍റ് ഫ്രാന്‍സിസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി തേജസ്വിനിയാണ് മരിച്ചത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബദനഗുപ്പെ ഗ്രാമത്തിലെ ശ്രുതി-ലിംഗരാജു ദമ്പതികളുടെ മകളാണ് മരിച്ച തേജസ്വനി. രാവിലെ സ്കൂള്‍ പ്രാര്‍ഥനയ്ക്ക് ശേഷം ക്ലാസിലെത്തി ടീച്ചറെ പുസ്തകം കാണിക്കുന്നതിനിടെ കുഞ്ഞിന്‍റെ ബാലന്‍സ് നഷ്ടപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടനെ സ്കൂള്‍ അധികൃതര്‍ കുട്ടിയെ ജെഎസ്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടെന്നായിരുന്നു ഡോക്ടറുടെ റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് മരണ കാരണം.
വിദ്യാർത്ഥിയുടെ മരണത്തിൽ പ്രിൻസിപ്പൽ ഫാ. പ്രഭാകർ അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി വിവരം തേടിയിട്ടുണ്ട്. നേരത്തെ തേജസ്വനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സ്കൂള്‍ അധികൃതരും ബന്ധുക്കളും പറഞ്ഞു.