പ്രതീകാത്മക ചിത്രം

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ചികില്‍സ സ്വകാര്യ ആശുപത്രി നിഷേധിച്ചതിനെ തുടര്‍ന്ന്  കാന്‍സര്‍ രോഗി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിയായ 72കാരനാണ് ഭീമമായ ചികില്‍സാച്ചെലവ് താങ്ങാന്‍ നിര്‍വാഹമില്ലാതെ ജീവിതം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചിരുന്ന 72കാരന് 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സര്‍ സ്ഥിരീകരിച്ചതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നു. കാന്‍സറാണെന്ന് കണ്ടെത്തിയതിന്‍റെ നടുക്കത്തിലായിരുന്നു രോഗിയെന്നും കുടുംബം വെളിപ്പെടുത്തി. 

ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോള്‍ രോഗി, ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം  വയോജനങ്ങള്‍ക്കുള്ള ചികില്‍സാ പദ്ധതിയുടെ ആനുകൂല്യത്തെ കുറിച്ച് അന്വേഷിച്ചു. 70 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. എന്നാല്‍ സ്വകാര്യ ആശുപത്രി ഈ ആനുകൂല്യം നിഷേധിക്കുകയും വേണമെങ്കില്‍ 50 ശതമാനം കിഴിവ് നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു. ഇത് ഇദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്ന് കുടുംബം പറയുന്നു. 

അതേസമയം, ആയുഷ്മാന്‍ ഭാരത് അനുസരിച്ച് വയോജനങ്ങള്‍ക്ക് ഇത്തരത്തില്‍ ചികില്‍സാനുകൂല്യം ലഭ്യമാക്കാനുള്ള ഉത്തരവ് ഇതുവരെയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. കര്‍ണാടക സര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ,പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്നും ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. 

'കാന്‍സര്‍ നിര്‍ണയത്തിന് പിന്നാലെ നടത്തിയ സ്കാനിങുകള്‍ക്കായി 20,000 രൂപ ആദ്യം ചെലവായി. കീമോ തെറപ്പിക്കായി കൂടുതല്‍ തുക ആവശ്യമായിരുന്നു. ക്വിദ്വായി ആശുപത്രിയില്‍ തന്നെ കീമോ ചെയ്യാമെന്ന്തീരുമാനിച്ചെങ്കിലും പണമടയ്ക്കാന്‍ തയ്യാറായി ചെല്ലാനൊരുങ്ങുമ്പോഴേക്കും ജീവനറ്റ ശരീരമാണ് കണ്ടെത്തിയത്'– 72കാരന്‍റെ മകന്‍ വെളിപ്പെടുത്തി.

ENGLISH SUMMARY:

A 72-year-old cancer patient in Bengaluru died by suicide after being denied benefits under the Ayushman Bharat scheme